തിരുവനന്തപുരം: തലസ്ഥാനഗരിയിലെ ചരിത്രപ്രസിദ്ധമായ ചാല തെരുവ് പൈതൃകത്തെരുവാക്കാൻ സർക്കാർ പദ്ധതി. ടൂറിസം വകുപ്പാണ് ചാലയെ പൈതൃകത്തെരുവാക്കാൻ നടപടി സ്വീകരിക്കുന്നത്. തിരുവിതാംകൂർ ചരിത്രം മുതൽ തലസ്ഥാനനഗരിയുടെ പ്രധാന വാണിജ്യ കേന്ദ്രമാണ് ചാല.

ചാല പൈതൃകത്തെരുവ് തലസ്ഥാനത്തിന് അഭിമാനവും, നഗരവാസികള്‍ക്ക് പ്രയോജനപ്രദവുമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംങ്ഷന് പുതിയ മുഖച്‌ഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്‌ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചാലയുടെ ഗതകാല സ്‌മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും, മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും, വിശ്രമ ബഞ്ചുകളും, പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും. കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും.

പൈതൃകത്തെരുവിന്റെ ലോഗോയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംങ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും. ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും.

ചാല കമ്പോളത്തിന്റെ പൊതു വികസനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ യോഗം ഇതിനായി വിളിച്ചുചേര്‍ക്കും. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും.

വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും,ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസ്സമില്ലാതെ ചാല കമ്പോളത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും. നിലവില്‍ ഗതാഗതകുരുക്കും തെരുവ് കൈയ്യേറിയുള്ള കച്ചവടവും കാരണം കാല്‍നടയാത്രയ്‌ക്ക് പോലും പ്രയാസം നിറഞ്ഞ സ്ഥിതിയിലാണ് ചാല. ഇതുമൂലം ചാലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് പരിഹാരം തീര്‍ക്കാന്‍ പൈതൃകത്തെരുവ് പദ്ധതിയിലൂടെ സാധിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് വ്യാപാരി പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ആശങ്കകളൊന്നും വേണ്ടെന്നും, ഷോപ്പിങ് മാളുകളുടെയും മറ്റും വരവോടെ സ്വാഭാവിക മരണത്തിലേക്ക് നീങ്ങുന്ന ചാല തെരുവിന് പുനര്‍ജീവന്‍ നല്‍കുന്നതിനാണ് വിനോദസഞ്ചാര വകുപ്പിന്റെ പദ്ധതിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിന്റെ വിശദമായ പദ്ധതി രേഖ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജി.ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്. പ്രാഥമിക രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ