കൊച്ചി: ടെക്സ്റ്റയിൽ മേഖലയിൽ വലിയ കോലാഹലം സൃഷ്ടിച്ച “ഇരിപ്പിട തർക്ക”ത്തിന് പരിഹാരം. സ്ത്രീതൊഴിലാളികൾക്കടക്കം ഇരിക്കാനുളള അവകാശം നൽകിക്കൊണ്ടുളള സുപ്രധാന നിയമഭേദഗതി പ്രാബല്യത്തിൽ വന്നു.
ടെക്‌സ്റ്റൈയിൽ മേഖലയിൽ ഇരിക്കാൻ അനുവദിക്കാതെ 12 മണിക്കൂറോളം സ്ത്രീകൾ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത്രയും മണിക്കൂർ ജോലി ചെയ്യുമ്പോഴും അവർക്ക് തുച്‌ഛമായ വേതനമാണ് ലഭിക്കുന്നത്. തങ്ങൾക്ക് ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെട്ട് തുണിക്കടകളിലെ ജീവനക്കാർ ഏറെക്കാലം സമരം ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയും നിയമത്തിൽ ഭേദഗതി വരുത്താനുളള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്‌തത്.
1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ, തൊഴിലാളികള്‍ക്ക് അനുകൂലമായി ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമനടപടികളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നിയമഭേദഗതികളെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും മന്ത്രി അഭ്യര്‍ഥിച്ചു. നിയമഭേദഗതികള്‍ പ്രാവര്‍ത്തികമാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
പുതിയ നിയമ ഭേദഗതി പ്രകാരം ജീവനക്കാർക്ക് കസേര ഉറപ്പാക്കാനുളള ബാധ്യത തൊഴിലുടമയ്‌ക്കാണ്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി. വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.
ജീവനക്കാർക്ക് ഇരിക്കാനുളള അവസരം ഒരുക്കിയുളള നിയമഭേദഗതിയെ, അസംഘടിത മേഖല തൊഴിലാളി യൂണിയൻ പ്രസിഡന്റും പെൺകൂട്ട് സംഘടനാ നേതാവുമായ വിജി നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു. തുണിക്കടകളിൽ ഇരിപ്പിടം വേണമെന്ന് ആവശ്യപ്പെട്ട് 2014 ൽ നടന്ന ‘ഇരിക്കൽ സമര’ത്തിന് നേതൃത്വം നൽകിയത് വിജിയാണ്.
രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു.
അപ്രന്റീസുകള്‍ അടക്കം ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിര്‍വചനത്തിന്‍െ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിര്‍വചനം വിപുലപ്പെടുത്തും.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ ഒടുക്കേണ്ട പിഴ, ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായും ഉയര്‍ത്തി. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകള്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ ഉടമകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിന് കീഴിൽ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും.