കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിലെ സംവരണ തുടർച്ച ഹൈക്കോടതി ശരിവച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
സംവരണ തുടർച്ച രണ്ടു തവണയിൽ കൂടുതൽ പാടില്ലെന്നും ക്രമപ്പെടുത്തണമെന്നുമുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിച്ച അപ്പീലുകൾ കോടതി അനുവദിച്ചു.
അടുത്ത തവണ മുതൽ നേരത്തെ വിജ്ഞാപനം ചെയ്യണമെന്നും കോടതി സർക്കാരിനും കമ്മീഷനും നിർദേശം നൽകി.
സിംഗിൾ ബഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മിഷൻ അപ്പീൽ സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും സിംഗിൾ ബഞ്ച് ഉത്തരവ് ഇതിന് വിരുദ്ധമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. സിംഗിൾ ബഞ്ച് ഉത്തരവ് സ്ത്രീ സംവരണത്തെ ബാധിക്കുമെന്നായിരുന്നു സർക്കാർ വാദം.
അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും രണ്ട് തവണ സംവരണം ചെയ്ത സ്ഥാപനങ്ങൾ പൊതു വിഭാഗത്തിനായി ക്രമപ്പെടുത്തണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അവസാനത്തെയും മൂന്നാമത്തെയും ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ബുധനാഴ്‌ചയാണ് വോട്ടെണ്ണൽ.