scorecardresearch
Latest News

‘കെ റെയിലിന് പകരം വന്ദേ ഭാരത് എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മൗനത്തില്‍’; കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് വന്ദേ ഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്ര മന്ത്രിയുടെ നിലപാടിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Pinarayi Vijayan
പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വന്ദേ ഭാരത്‌ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിന്റെ റെയിൽവെ വികസന സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയത്. ഇതിൽ നിന്നും റെയിൽവെ മന്ത്രാലയം ഇപ്പോൾ പിന്നോക്കം പോയത് ദുരൂഹമാണെന്നും മുഖ്യമന്ത്രി.

രാജ്യത്തിന്റെ റെയിൽ ഭൂപടത്തിൽ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളിൽ ഏറ്റവും അവസാനത്തേതാണിത്. വന്ദേ ഭാരതിനെ ഉയർത്തിക്കാട്ടിയായിരുന്നു കെ – റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

വളവുകൾ നിവർത്തി കേരളത്തിൽ വന്ദേ ഭാരത്‌ ട്രെയിൻ ഓടിക്കാൻ കഴിയുമെന്നു പറഞ്ഞവരുൾപ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്. അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള ഈ മൗനം കുറ്റകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് യാത്രാ സൗകര്യമില്ലായ്മ. അറുനൂറ്റി ഇരുപതോളം കിലോമീറ്റർ പിന്നിടാൻ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതുമൂലം ജനങ്ങൾ കഷ്ടപ്പെടുകയും സംസ്‌ഥാനത്തിന്റെ വികസന പദ്ധതികൾ പലതും തടസ്സപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥ മാറ്റാൻ റെയിൽ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Centre says npo vande bharat train service for kerala now cm vijayan criticizes