/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
ന്യൂഡല്‍ഹി: ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. വിവാദ ഉത്തരവ് റദ്ദാക്കിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കില്ലെന്നും ഗഡ്കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചത്.
കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് അവ്യക്തമാണെന്നും കേരളത്തെ ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജി സുധാകരന്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാനും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും ജി സുധാകരന്‍ കത്തയിച്ചിട്ടുണ്ട്.
ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. അതിനു പിന്നാലെ കേന്ദ്രം നിലപാട് മയപ്പെടുത്തുകയായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് വിജ്ഞാപനം റദ്ദാക്കിയതെന്നായിരുന്നു നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.
പഴയ പ്രകാരം തന്നെ ദേശീയപാതാ വികസനം മുന്നോട്ടുപോകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും അറിയിച്ചിരുന്നു. നിതിന്‍ ഗഡ്കരിയുമായി കണ്ണന്താനം ചര്‍ച്ച നടത്തിയിരുന്നു. ദേശീയപാതാ വികസനം ആദ്യഘട്ടത്തിലേതു പോലെ തന്നെ മുന്നോട്ടുപോകുമെന്നും കേന്ദ്രം ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കണ്ണന്താനവും അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.