ന്യൂഡല്‍ഹി: കേരളത്തിലെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി (എന്‍സിഎംസി) തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യരക്ഷാ, ആഭ്യന്തരം, ജലവിഭവ എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, കര നാവിക വ്യോമസേനാ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന എന്നിവയുടെ മേധാവികള്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം, കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. നിലവിലുള്ള സ്ഥിതിഗതികള്‍, മുന്നൊരുക്കങ്ങള്‍, രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതലായവ വിലയിരുത്തിയ ക്യാബിനറ്റ് സെക്രട്ടറി, ദുരന്തം നേരിടുന്നതിന് എത്രയും വേഗം കേരളത്തിന് സഹായം എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിന് കേരളം നടത്തുന്ന രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പിന്തുണക്കുകയാണ്. കര, വ്യോമ, നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പൊലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കണമെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യവസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ശരിയായ റിസര്‍വോയര്‍ മാനേജ്മെന്റിന് കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അധ്യക്ഷനും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചീഫ് എൻജിനീയര്‍മാര്‍ അംഗങ്ങളുമായ ഒരു സമിതിക്കും ക്യാബിനറ്റ് സെക്രട്ടറി രൂപം നല്‍കി.

ഇപ്പോഴത്തെ കണക്ക് പ്രകാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ സഹായിക്കാനും, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും എന്‍ഡിആര്‍എഫിന്റെ 18 ടീമുകള്‍, കരസേനയുടെ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ (ഇറ്റിസി) എട്ട് ടീമുകള്‍ അടങ്ങിയ ഒമ്പത് കോളങ്ങള്‍, കോസ്റ്റ് ഗാര്‍ഡിന്റെ 22 ടീമുകള്‍, നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരടങ്ങിയ 24 ടീമുകള്‍ എന്നിവ ഹെലികോപ്റ്ററുകള്‍, ചെറുവിമാനങ്ങള്‍, ബോട്ടുകള്‍, രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ബോയ്കള്‍, ലൈഫ് ജാക്കറ്റുകള്‍ മുതലാവയോടൊപ്പം സംസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിന് പുറമെ എന്‍ഡിആര്‍എഫ്, കര നാവിക സേനകള്‍ എന്നിവ പ്രത്യേക ക്യാമ്പുകള്‍ വഴി മെഡിക്കല്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 2182 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 968 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെയും യോഗം ചേരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.