കാസർഗോഡ്: ബിജെപിയും ആർഎസ്എസും ഫാസിസ്റ്റ് സംഘടനകൾ ആണെന്ന് പരാമര്‍ശം നടത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കേരള കേന്ദ്ര സർവകലാശാല കാസർഗോഡ് ക്യാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് വൈസ് ചാൻസിലർ എച്ച്.വെങ്കിടശ്വര്ലു സസ്പെൻഡ് ചെയ്തത്. ‘ഫാസിസം ആൻഡ് നാസിസം’ എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപകന്റെ പരാമർശം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെയും രൂപികരിച്ചു. അധ്യാപകന് എതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത സമര മാർഗങ്ങളിലേക്ക് നീങ്ങുമെന്ന് എബിവിപി പ്രവർത്തകർ വൈസ് ചാന്‍സിലര്‍ക്ക് നേരെ ഭീഷണി മുഴക്കിയിരുന്നു.
ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വിദ്യാഭ്യാസ നിരീക്ഷണ സമിതി (എസ്സി, എസ്ടി, പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികൾ, ന്യൂനപക്ഷ വിദ്യാഭ്യാസം) അംഗം എ വിനോദ് കരുവരകുണ്ടുവിൽ സർവകലാശാലയ്ക്ക് പരാതി നൽകിയിരുന്നു.നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പറ്റി എംഎ വിദ്യാർത്ഥികളുടെ ഇടയിൽ വിദ്വേഷം വളർത്താൻ ഡോ.സെബാസ്റ്റ്യന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതിയിൽ ഉന്നയിച്ചിരുന്നത്.
Also Read: തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈനാക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
ഏപ്രിൽ 19ന് നടന്ന ഓൺലൈൻ ക്ലാസ്സിലായിരുന്നു ഡോ സെബാസ്റ്റ്യന്റെ വിവാദ പരാമർശം. “ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സംഘ പരിവാർ എന്നറിയപ്പെടുന്നു, അതായത് ബിജെപി ഉൾപ്പെടുന്ന ഇന്ത്യയിലെ സംഘ് കുടുംബത്തെ ഫാസിസ്റ്റ് പ്രസ്ഥാനമായി കണക്കാക്കാം,” ഡോ സെബാസ്റ്റ്യന്‍ പറഞ്ഞു. ക്ലാസിക്കൽ ഫാസിസ്റ്റ് സംഘടനകളുടെ സ്വാധീനമുള്ളവയാണ് പ്രോട്ടോ-ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ എന്ന് വിളിക്കുന്നത് .
രാജ്യത്ത് വാക്സിൻ ക്ഷാമം നേരിടുമ്പോൾ വിദേശ രാജ്യങ്ങളിലേക്ക് വാക്സിൻ അയച്ച കേന്ദ്ര സര്‍ക്കാരിനേയും അദ്ദേഹം വിമർശിച്ചു. ഇതാണ് അവരുടെ ദേശസ്നേഹമെന്നും ചൂണ്ടിക്കാണിച്ചു. സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ, കോൺഗ്രസിന്റെ എൻഎസ്യുഐ എന്നിവർ ഡോ.സെബാസ്റ്റ്യന്‍ പിന്തുണയുമായി എത്തി