കാസര്‍ഗോഡ്‌: കേന്ദ്ര സര്‍വ്വകലാശാലയില്‍ അദ്ധ്യാപകര്‍ക്കെതിരായ നടപടികള്‍ തുടര്‍ക്കഥയാകുന്നു.  ക്യാമ്പസില്‍ ദലിത് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച അദ്ധ്യാപകനും മനുഷ്യാവകാശ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത അദ്ധ്യാപകനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതാണ്‌ അവസാനത്തെ സംഭവം. ഇംഗ്ലീഷ്- താരതമ്യ പഠനസാഹിത്യത്തിലെ പ്രസാദ് പന്ന്യനും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സിലെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനുമാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

സെപ്റ്റംബര്‍ 17ന് വൈസ് ചാന്‍സിലറുടെ ഒപ്പോടെ ഇറങ്ങിയ  കാരണം കാണിക്കൽ. നോട്ടീസിൽ  മൂന്ന് പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ കാരണം കാണിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഈ വര്‍ഷം മെയ്‌ 15ന് തിരുവനന്തപുരം രാജ് ഭവനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു എന്ന് ആരോപിച്ചാണ് ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ നോട്ടീസ്. ‘മഹാരാഷ്ട്രയിലെ നക്സലൈറ്റുകളെ അമര്‍ച്ച ചെയ്യുവാനുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു. ഇതേകാര്യം ഫെയ്സ്ബുക്കില്‍ കുറിച്ചു എന്നും മെമ്മോയില്‍ പറയുന്നു. കേന്ദ്രസര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനമാണ് ഇതെ’ന്നും ആരോപിക്കുന്നു.

Read More : ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്; ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച അദ്ധ്യാപകനെതിരെ കേന്ദ്ര സര്‍വ്വകലാശാലയുടെ നടപടി

ദലിത് വിദ്യാര്‍ഥിയെ പിന്തുണച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടതിനാണ് നേരത്തെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ പ്രസാദ് പന്ന്യന് കാരണം കാണിക്കൽ നോട്ടീസ് നല്‍കുന്നത്. സര്‍വ്വകലാശാലക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു, ഗുരുതരമായ പെരുമാറ്റദൂഷ്യം കാണിച്ചു എന്ന് മെമ്മോയില്‍ പറയുന്നു. കേന്ദ്ര സര്‍വ്വകലാശാലയുടെ 34ാം ചട്ടത്തിന്റെ ലംഘനമാണ് ഇതെന്നും മെമ്മോയില്‍ ആരോപിക്കുന്നുണ്ട്.

മാര്‍ച്ച് പതിനഞ്ചാം തീയതി തിരുവനന്തപുരം രാജ്ഭവനില്‍ മനുഷ്യാവകാശ- ജനാധിപത്യ കൂട്ടായ്മ നടത്തിയ പൊതുപരിപാടിയാണ് ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ സര്‍വ്വകലാശാല പുറപ്പെടുവിച്ച മെമ്മോയില്‍ ചൂണ്ടിക്കാണിച്ചത് എന്ന് ദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം നടത്തിയ അന്വേഷണത്തില്‍ മനസ്സിലാക്കുന്നു.

മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോലിയില്‍ സി60 കമാന്‍ഡോകള്‍ നടത്തിയ ഓപറേഷനില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 42 ആദിവാസികളെ കൊലപ്പെടുത്തിയിരുന്നു. ഓപറേഷനില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ക്കെതിരെ പട്ടികജാതി പട്ടിക വകുപ്പ് പീഡന നിരോധന നിയമം ഉപയോഗിച്ച് കേസെടുക്കണം. ഗഡ്ചിറോലി സംഭവം സുപ്രീംകോടതിയിലെ ഒരു സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണം. ആദിവാസികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്ന ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് നിര്‍ത്തലാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പൊതുപരിപാടി.

Read More : ഗഡ്‌ചിറോലി: 16 ദിവസം പിന്നിടുമ്പോഴും കാണാതായവര്‍ക്കായുള്ള കാത്തിരിപ്പിലാണ് ഈ ഗ്രാമം

ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു പ്രസാദ് പന്ന്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. ഈയടുത്ത മാസങ്ങളിലായി അമ്മയെ നഷ്ടപ്പെട്ട നാഗരാജു കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് അദ്ധ്യാപകന്‍ പറയുകയുണ്ടായി. ഒരു ഗ്ലാസ് പൊട്ടിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ തടവറകള്‍ക്കുള്ളിലേക്ക് തള്ളിവിടുന്നത് അത്യന്തം സങ്കടകരമായ അവസ്ഥയാണ് എന്നും അദ്ധ്യാപകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് കൂടിയായ പ്രോ വൈസ് ചാന്‍സിലര്‍ ഡോ കെ ജയപ്രസാദിന്റെ നേത്രുത്വത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് കാസർഗോഡ്  കേന്ദ്ര സര്‍വ്വകലാശാല എന്ന ആരോപണം ശക്തമാണ്. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്കരിക്കുവാനും സംഘടിക്കുവാനും കൂട്ടംചേരുവാനുമുള്ള അവകാശത്തെ പോലും നിഷേധിക്കുകയാണ് സര്‍വ്വകലാശാല എന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച അദ്ധ്യാപകന്‍ ദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

നിലവില്‍ രണ്ട് അദ്ധ്യാപക സംഘടനയാണ് സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മെമ്മോ ലഭിച്ചിട്ടുള്ള ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ (സിയുകെടിഎ) ജനറല്‍ സെക്രട്ടറിയാണ്. ഈ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിരന്തരം പകപോക്കല്‍ നടപടി നടക്കുന്നതായി ആരോപണമുണ്ട്. നേരത്തെ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ഇന്‍ക്രിമന്റ്റ് നിഷേധിച്ചുകൊണ്ട് സര്‍വ്വകലാശാല നടപടിയെടുത്തിരുന്നു. സര്‍വ്വകലാശാലയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

സമാനമായ രീതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. 2017 ജൂലൈയില്‍ ഹോസ്റ്റലും ലൈബ്രറി സൗകര്യവും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം ചെയ്തിരുന്നു. സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ഥികളെയെല്ലാം സര്‍വ്വകലാശാല പല കാരണങ്ങള്‍ കാണിച്ച് ശിക്ഷിക്കുകയുണ്ടായി. എതിര്‍ ശബ്ദങ്ങളെയെല്ലാം മയക്കുമരുന്ന്- സെക്സ് റാക്കറ്റുകള്‍ ആയും മാവോയിസ്റ്റ് ആയും ചിത്രീകരിക്കുന്ന വലിയൊരു തന്ത്രമാണ് കാസര്‍ഗോഡ്‌ കേരള സര്‍വ്വകലാശാലയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് പേര് വെളിപ്പെടുത്താൻ ഭയമുണ്ടെന്ന് അറിയിച്ച ഒരു അദ്ധ്യാപകന്‍ ദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

അതേസമയം സര്‍വീസ് ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി മാത്രമാണ് സര്‍വ്വകലാശാല സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതും എന്ന്  പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. മറുപടി ലഭിച്ചശേഷം അന്വേഷണം നടക്കുമെന്നും അന്വേഷണാന്തരം ചട്ടപ്രകാരമുള്ള നടപടി ഉണ്ടാകുമെന്നും ജയപ്രസാദ് കൂട്ടിച്ചേര്‍ത്തു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.