ന്യൂഡല്‍ഹി: സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ആശ്വാസ വാർത്ത. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള കുടിശിക വിഹിതം 670 കോടി രൂപ ഈ ഒരാഴ്ചക്കകം കൈമാറുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.
ഇത് സംബന്ധിച്ച കേന്ദ്ര ഗ്രാമ വികസന കാര്യ മന്ത്രി നരേന്ദ്ര സിംഗ് തോമറുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപി യുമായ കെ.സി.വേണുഗോപാൽ ചർച്ച നടത്തി. എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വൈകിയത് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
അതേസമയം കേന്ദ്രം തൊഴിലുറപ്പ് പദ്ധതി വിഹിതം നൽകാതെ കേരളത്തിന് മുകളിൽ സാമ്പത്തിക ഉപരോധം തീർത്തിരിക്കുകയാണെന്ന് നേരത്തേ മന്ത്രി കെ.ടി.ജലീൽ നിയമസഭയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം സംസ്ഥാനം കേന്ദ്ര ശ്രദ്ധയിൽ പെടുത്തിയതിന് പുറമേ കേരളത്തിൽ നിന്നുള്ള എംപി മാരും ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധിച്ചിരുന്നു. ലോക്സഭയിൽ തന്നെ ഇത് സംബന്ധിച്ച് കേരള എംപി മാർ പ്രതിഷേധിച്ചിരുന്നു.
പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം കുടിശിക നൽകിയിരുന്നില്ല. ഈയിനത്തിലുള്ള സംസ്ഥാനത്തിന്റെ പദ്ധതി വിഹിതവും അംഗീകരിച്ചു നൽകിയിട്ടില്ല. ആകെ ആയിരം കോടിയിലേറെ രൂപ ഈയിനത്തിൽ ലഭിക്കാനുണ്ട്.
2013 മുതല്‍ തൊഴിലുറപ്പിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് കൈമാറുന്നതില്‍ സംസ്ഥാനം വീഴ്ച്ചവരുത്തിയെന്നാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. ഇതോടെ കുടിശിക മാത്രം 636 കോടിയിലധികമായി. ഇതിന് പുറമേയാണ് പദ്ധതി വിഹിതമായി കിട്ടേണ്ട തുക.