ന്യൂഡൽഹി: എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി കേരളത്തിൽ അതിവേഗ കോടതി വരുന്നു. കോടതി സ്ഥാപിക്കുന്നതിന് കേന്ദ്രം അനുമതി നൽകി. കേരളത്തിൽ എംപിമാർക്കും എംഎൽഎമാർക്കും എതിരെ 87 ജനപ്രതിനിധികൾക്കെതിരെയാണ് കേസ്. ഒരു വർഷത്തിനുള്ളിൽ കേസുകളുടെ വിചാരണ പൂർത്തീകരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യയിൽ മൊത്തം 12 അതിവേഗ കോടതികളാണ് ആരംഭിക്കാൻ പോകുന്നത്. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രത്തിന്രെ നടപടി. ഇതിനായുള്ള വിഞ്ജാപനം കേന്ദ്രം പുറപ്പെടുവിക്കും. 7 കോടി 80 ലക്ഷം രൂപ ഇതിനായി ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി ജനപ്രതിനിധികൾക്കെതിരായ കേസുകളിലെ വിചാരണ അതിവേഗം പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയത്.