ന്യൂഡല്‍ഹി: പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം. കേരളത്തിൽ പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിക്കുന്നത് ചൂണ്ടിക്കാട്ടി, വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതു പരിഗണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയത്.
പേവിഷ പ്രതിരോധ വാക്സിന്‍ ദേശീയ ഡ്രഗ്സ് ലബോറട്ടറിയില്‍ പരിശോധിക്കും.വാക്സിന്‍ ഫലപ്രദമല്ലെന്ന് പറയാനാകില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അധികൃതര്‍ സൂചിപ്പിച്ചു. പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്‍ സ്വീകരിച്ചിട്ടും മരണമുണ്ടായ സാഹചര്യത്തില്‍ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്നും അതിവേഗ പരിശോധന ആവശ്യമാണെന്നും ആരോഗ്യമന്ത്രി കത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരിച്ച അഞ്ചുപേര്‍ക്കും നല്‍കിയത്.
വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി വീണ ജോർജ് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റെയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പറും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്.