കൊച്ചി: പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കില്ലന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ യുഎഇയിലുള്ള പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടിയതിനാൽ ഇപ്പോൾ യുഎഇയിൽ പ്രശ്നം ഇല്ലെന്നും പ്രതിരോധത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രവാസികളെ തിരികെ കൊണ്ടു വരാൻ കേരളം തയ്യാറാണങ്കിൽ അതിനെ പറ്റി ആലോചിച്ചു കൂടെയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഒരു തീരുമാനം എടുക്കാൻ ആവില്ലെന്നും മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി വന്നാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാവുമെന്നും കേന്ദ്രം വ്യക്തമാക്കി
Read More: കോവിഡ് പ്രതിരാേധം: കേരളം ലോകത്തിനു മാതൃകയാകുമെന്ന് ആനന്ദ് മഹീന്ദ്ര
സുപ്രീം കോടതിയിൽ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഹർജിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട ഹർജി 21ലേക്ക് മാറ്റി.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നതിന് അവിടുത്തെ അനുവാദം ആവശ്യമില്ലേയെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ മറ്റു രാജ്യങ്ങൾ ആവശ്യപ്പെടാതെ മെഡിക്കൽ സംഘത്തെ അയയ്ക്കാൻ ആവില്ലെന്നും മെഡിക്കൽ സംഘത്തെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും വന്നാൽ ബുദ്ധിമുട്ട് ആകുമെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിൽ നിന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ എത്രയും പെട്ടെന്ന് അയയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ഹര്‍ജി നൽകിയത്. ഗൾഫ് നാടുകളിലെ ആരോഗ്യ രംഗം നിലവിലെ സാഹചര്യത്തെ അതിജീവിക്കാൻ അപര്യാപ്തമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം.