കൊച്ചി: അധിക ഡോസ് വാക്സിൻ നൽകാൻ അനുമതിയില്ലന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു.
അന്താരാഷ്ട്ര അംഗീകാരമുള്ള കോവിഡ് വാക്സിൻ്റെ അധിക ഡോസ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ തെക്കൻ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ തീരുമാനം അറിയിച്ചത്.
രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചെന്നും അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് പോകാനാവുന്നില്ലന്നും ചുണ്ടിക്കാട്ടിയാണ് ഹർജി. ഹർജിക്കാരൻ്റെ ജോലി നഷ്ടമാവുന്ന വിഷയമാണന്നും അടിയന്തരമായി നിലപാടറിയിക്കണമെന്നും കോടതി കഴിഞ്ഞ ആഴ്ച നിർദേശിച്ചിരുന്നു.
ഒരാൾക്ക് ഒന്നിലധികം വാക്സിൻ നൽകുന്നതിന് മാർഗരേഖയില്ലന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത യുണ്ടന്നും ഇക്കാര്യത്തിൽ ക്ലിനിക്കൽ പഠനം ഇല്ലന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഹർജിക്കാരൻ വാക്സിൻ ആവശ്യപ്പെടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒരാൾക്ക് നൽകിയാൽ ആവശ്യക്കാരുടെ എണ്ണം കൂടുമെന്നും അനുവദിക്കാനാവില്ലന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഒന്നിലധികം വാക്സിനുകൾ ഒരാൾക്ക് നൽകുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലന്നും ഇസ്രായേൽ അടക്കമുള്ള രാജ്യങ്ങളിൽ നൽകുന്നുണ്ടന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: കോവിഡ് പാക്കേജ്: കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ഒരു കോടി അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി