ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും അനുമതിയില്ല. മൂന്നാം റൗണ്ട് പരിശോധനയിൽ കേരളത്തെയും ഒഴിവാക്കി. നേരത്തെ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയെയും ഒഴിവാക്കിയിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചതാണ്. ഇതിന് പിന്നാലെയാണ് കേരളത്തെയും ഒഴിവാക്കിയുള്ള നടപടി. കേന്ദ്രത്തിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. കേരളമെന്ന് കേട്ടാലേ കേന്ദ്രത്തിന് ഭ്രാന്തിളകും. അതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ഉൾപ്പടെ ആറു സംസ്ഥാനങ്ങൾക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാൽ എന്ത് കാരണത്താലാണ് ഇത്തരത്തിലൊരു നടപടിയെന്ന് വ്യക്തമല്ല. നിലവിൽ 14 സംസ്ഥാനങ്ങൾക്കും ആറു മന്ത്രാലയങ്ങൾക്കുമാണ് നിശ്ചലദൃശ്യത്തിന് അനുമതി നൽകിയിരിക്കുന്നത്.

തുടർച്ചയായ രണ്ടാം തവണയാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിക്കുന്നത്. ഇത്തവണ വള്ളംകളിയുൾപ്പടെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തീമാണ് കേരളം അവതരിപ്പിച്ചത്. അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ്​ ലഭിച്ചത്​.

പശ്ചിമ ബംഗാളി​​ന്റെ നിശ്ചലദൃശ്യം റിപബ്ലിക്​ ദിന പരേഡിൽ ഉൾപ്പെടുത്താതിരുന്നത്​ വലിയ പ്രതിഷേധമാണ് ഉയർന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ എതിർത്തത്​ കൊണ്ടാണ് പശ്​ചിമബംഗാളിന്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്താത്തതെന്ന്​ സംസ്ഥാന പാർലമെന്ററികാര്യ മന്ത്രി തപസ്​ റോയ്​ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.