ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസി വോട്ട് തിരികെ പിടിക്കാന്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിര്‍ദ്ദേശം. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിന് തീരുമാനിക്കാമെന്നും കേന്ദ്രകമ്മിറ്റി. തിരഞ്ഞെടുപ്പിലെ തിരിച്ചടി മറി കടക്കാന്‍ 11 ഇന കര്‍മ്മ പരിപാടിക്ക് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഘടനാ പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടിയായിരുന്നു പ്ലീനം വിളിച്ചുചേര്‍ത്തത്. എന്നാല്‍ പ്ലീന തീരുമാനം സംസ്ഥാന ഘടകങ്ങള്‍ നടപ്പിലാക്കിയില്ലെന്നാണ് കേന്ദ്രകമ്മറ്റിയുടെ വിലയിരുത്തല്‍. ഇതില്‍ കേന്ദ്രനേതൃത്വം വിശദീകരണം തേടി.

കേരളത്തില്‍ തോല്‍വിയുടെ പ്രധാനകാരണം പാരമ്പര്യ വോട്ടുകളും വിശ്വാസികളുടെ വോട്ടുകളും നഷ്ടപ്പെട്ടതാണെന്നാണ് കേരളഘടകം ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. അതിനാല്‍ നഷ്ടപ്പെട്ട വിശ്വാസി വോട്ടുകള്‍ തിരികെ പിടിക്കുക, വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തുക, അതുവഴി അവരെ കൂടെ നിര്‍ത്തുക തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയില്‍ പറയുന്നത്.

പാര്‍ട്ടി അടിത്തറ ശക്തമാക്കണം. ഇതിനായി സംഘടനാ ദൗര്‍ബല്യം മറികടക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും. വര്‍ഗ ബഹുജന സഘടനകളെ ശാക്തീകരിച്ച് ബഹുജന മുന്നേറ്റം സാധ്യമാക്കണം. ഇടത് ഐക്യം ശക്തിപെടുത്തണം, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കണം എന്നീ നിര്‍ദേശങ്ങളും കേന്ദ്രകമ്മിറ്റി മുന്നോട്ടുവെച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.