തിരുവനന്തപുരം: ലോട്ടറി നികുതി കൂട്ടാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെന്ന് ധമന്ത്രി തോമസ് ഐസക്. നികുതി 28 ശതമാനമാക്കി ഉയര്‍ത്താനാണ് ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ അജണ്ടയില്‍ പോലും ഇല്ലാത്ത വിഷയത്തില്‍ ലഘുലേഖ വിതരണം ചെയ്തെന്നും ഈ നീക്കം ആര്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോട്ടറി മാഫിയയെ തിരികെ കൊണ്ടു വരാനാണ് ശ്രമമെന്ന സംശയമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

33 ഇനങ്ങള്‍ക്കാണ് കേന്ദ്രം ജിഎസ്ടി നിരക്ക് കുറച്ചത്. നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനവും അഞ്ച് ശതമാനവുമാക്കിയാണ് കുറച്ചിരിക്കുന്നത്. 1200ഓളം ചരക്കുസേവനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ 99 ശതമാനത്തിന്റെയും നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18ല്‍ താഴെ എത്തിക്കുമെന്ന് മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വീല്‍ചെയറിന്റെ ജിഎസ്ടി 28ല്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരിക്കുകയാണ്. അംഗപരിമിതരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.

ശീതളപാനീയങ്ങള്‍, സിഗരരറ്റ്, ബീഡി, പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍മസാല, സ്‌മോക്കിങ് പൈപ്പുകള്‍, ഓട്ടോ മൊബൈല്‍സ്, വിമാനങ്ങള്‍, പിസ്റ്റള്‍, ചൂതാട്ട ലോട്ടറികള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ തുടരും. ഈ സാധനങ്ങള്‍ വില കുറയില്ല. സിമന്റ്, ടിവി, ഓട്ടോ പാര്‍ട്‌സുകള്‍, കംപ്യൂട്ടര്‍ എന്നിവ വില കുറയും. ഇവയുടെ നികുതി കുറച്ചിട്ടുണ്ട്. 32 ഇഞ്ച് വരെയുള്ള ടിവി, സിനിമാ ടിക്കറ്റുകള്‍ എന്നിവയുടെ വിലയും കുറയും. 100 രൂപ വരെയുള്ള സിനിമ ടിക്കറ്റിന് 12 ശതമാനം നികുതിയാണ് ഇനി ഈടാക്കുക. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. എന്നാല്‍ നൂറ് രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റ് നിരക്കില്‍ 18 ശതമാനം നികുതിയുണ്ടാകും. ഇത് നേരത്തെ 28 ശതമാനം ആയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ