കൊച്ചി: കാലവർഷക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന് കേന്ദ്രം നൽകിയ അടിയന്തര സഹായം തീരെ മതിയാവില്ലെന്ന് സംസ്ഥാന റവന്യു മന്ത്രി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇക്കാര്യം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം രാജ്‌നാഥിന് നല്‍കിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കേരളത്തിന്‍റെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അടിയന്തര സഹായമായി നൂറ് കോടി രൂപ അനുവദിക്കുന്നതായും രാജ് നാഥ് സിങ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അനുവദിച്ച തുകയ്ക്ക് പുറമെയാണ് ഇത്.

കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത മഴക്കെടുതിയാണെന്ന് കേന്ദ്രമന്ത്രി ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസം അനുവദിക്കുന്നതിന് കേന്ദ്രം നിലവിലെ മാനദണ്ഡങ്ങള്‍ അവലംബിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

നാശനഷ്ടങ്ങള്‍ മന്ത്രിയും കേന്ദ്ര സംഘവും നേരിട്ട് വിലയിരുത്തിയതാണെന്നും, ഈ സാഹചര്യത്തില്‍ കൂടുതൽ ഉദാരമായ നിലപാട് ഉണ്ടാകണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മാറിയ സാഹചര്യത്തിൽ വീണ്ടുമൊരു കേന്ദ്ര സംഘത്തെ കൂടി കേരളത്തിലേക്ക് അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook