തിരുവനന്തപുരം: ദേവസ്വംമന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ചൈനയിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടിയിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ചൈനാ യാത്രയ്ക്ക് അനുമതി നല്‍കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നടപടി പുനപരിശോധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്‌ടപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “അന്താരാഷ്‌ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ്‌ പ്രതിനിധി സംഘത്തെ അയയ്‌ക്കാന്‍ തീരുമാനിച്ചത്‌. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌. ഈ ഘട്ടത്തില്‍ ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ്‌ കേന്ദ്ര തീരുമാനം വഴി നഷ്‌ടമാകുന്നത്”, മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മന്ത്രിയുടെ അപേക്ഷ തിരിച്ചയച്ചത്. എന്നാല്‍ അനുമതി നിഷേധിച്ചതിന് കാരണം എന്താണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. പരിപാടിയിൽ കേരളത്തിന്റെ പ്രതിനിധിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്.

കേരളത്തില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ മന്ത്രിയായിരുന്നു നയിക്കേണ്ടിയിരുന്നത്. ഇമെയില്‍ വഴിയും നേരിട്ടും കഴിഞ്ഞ മാസം 17നാണ് ചൈന സന്ദര്‍ശനത്തിനുള്ള അപേക്ഷ വിദേശകാര്യമന്ത്രാലയത്തിന് നല്‍കിയിരുന്നത്. സംഭവത്തില്‍ കടകംപളളി സുരേന്ദ്രനും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കും.

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് കഴിഞ്ഞ വര്‍ഷം വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. അന്നും യാത്രയ്ക്കുള്ള അനുമതി നിഷേധിക്കാനുള്ള കാരണമെന്തെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ