പാലക്കാട്: പാലക്കാട് അടക്കം രാജ്യത്തെ ആറ് ഐഐടികൾക്ക് 7002.42 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതോടെ പാലക്കാട് ഐഐടിക്ക് 1000 കോടി ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുതായി ആരംഭിച്ച ഐ.ഐ.ടികൾക്ക് സ്വന്തമായി സ്ഥിരം കെട്ടിടം നിർമിക്കുന്നതിനായാണ് കേന്ദ്രം ധനസഹായം നൽകുന്നത്.
ആദ്യഘട്ടത്തിലാണ് പാലക്കാടിന് 1000 കോടി രൂപ ലഭിക്കുക. കൂടാതെ രണ്ടാം ഘട്ടത്തില്‍ 2000 കോടി രൂപയും ലഭിക്കും. 2021ലാണ് രണ്ടാം ഘട്ടം ആരംഭിക്കുക. ജൂലായ് 10ന് പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടികളിൽ ആദ്യം പ്രവർത്തനമാരംഭിച്ചത് പാലക്കാട് ആണ്. 2015 ആഗസ്റ്റ് മൂന്നിന് വാളയാറിലെ അഹല്യ ക്യാമ്പസിലാണ് പഠനം ആരംഭിച്ചത്. തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടപടിയും പൂർത്തിയാക്കുകയായിരുന്നു.