/indian-express-malayalam/media/media_files/uploads/2021/06/police-dog.jpg)
പൊലീസ് അക്കാദമിയിലെ പോലീസ് നായ്ക്കളുടെ അന്ത്യവിശ്രമകേന്ദ്രത്തിൽ ഡി ജി പി ലോക്നാഥ് ബെഹ്റ മരണമടഞ്ഞ നായ്ക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നു.
പൊലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ ആരംഭിച്ചു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിതെന്ന് പൊലീസ് അധികൃതർ പറയുന്നു.
പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് പുതിയ സംവിധാനം. പൊലീസ് സര്‍വ്വീസിലെ നായ്ക്കളുടെ നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന പൊലീസ് നായകൾക്ക് വിശ്രമ ജീവിതത്തിനായി കേരളാ പൊലീസ് അക്കാദമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം നിലവിലുണ്ട്. സര്‍വ്വീസ് പൂര്‍ത്തിയാക്കിയ നായ്ക്കള്‍ക്ക് ജീവിതാന്ത്യംവരെ വിശ്രമത്തിനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള ഇടമാണ് വിശ്രാന്തി. 2019 മെയ് 29 ന് ആരംഭിച്ച വിശ്രാന്തിയില്‍ ഇപ്പോള്‍ 18 നായ്ക്കള്‍ ഉണ്ട്.
വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സമീകൃത ആഹാരമാണ് അവയ്ക്ക് നല്‍കുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നല്‍കുന്നു.
നായ്ക്കള്‍ക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, തുടങ്ങിയവയും വിശ്രാന്തിയില്‍ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അധികൃതർ പറഞ്ഞു. .
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് വിരമിച്ച പൊലീസ് നായക്കൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ ഡി ജി പി പുഷ്പാര്‍ച്ചന നടത്തി മരണമടഞ്ഞ നായക്കൾക്ക് അന്തിമോപചാരം അർപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.