കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ‘ആർപ്പോ ആര്‍ത്തവം’ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. തീവ്രസ്വഭാവമുള്ള സംഘടനയിലെ അംഗങ്ങളാണ് പരിപാടിയുടെ സംഘാടകരെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. ചുംബന സമരത്തിൽ പങ്കെടുത്ത സംഘടനയിലെ അംഗങ്ങളും പരിപാടിയിലുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങിയവര്‍ക്കുള്ള മറുപടിയായാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ‘ആർപ്പോ ആര്‍ത്തവം’ പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്നലെ നടന്ന ആര്‍ത്തവ റാലി നടന്നു.

പ്രായഭേദമില്ലാതെ സ്ത്രീകളും കുട്ടികളും ഭിന്നലിംഗക്കാരും തുല്യ നീതിക്കു വേണ്ടി പോരാടുന്ന പുരുഷന്‍മാരും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സമ്മേളനം തമി‍ഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെതന്നെ സ്ത്രീകള്‍ക്കെതിരാക്കാനാണ് ആര്‍എസ്എസിന്‍റെ ശ്രമമെന്ന് പാ രഞ്ജിത്ത് പറഞ്ഞു. വിശ്വാസത്തിന്‍റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. മുഖ്യമന്ത്രിക്കു പുറമേ ആനി രാജ, സി.കെ.ജാനു സുനില്‍ പി.ഇളയിടം തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.