തിരുവനന്തപുരം വികാസ് ഭവന് സമീപനം സ്ഥിതി ചെയ്യുന്ന കേരള നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് 25 വർഷം പിന്നിട്ടിട്ടും തിരുവനന്തപുരത്തുകാർക്ക് ഇന്നും അത് പുതിയ നിയമസഭാ മന്ദിരമാണ്. നിയമസഭ എവിടെ എന്ന് തിരുവനന്തപുരത്ത് എത്തുന്ന ഒരാൾ ചോദിച്ചാൽ പഴയ തിരുവനന്തപുരത്തുകാർ ആദ്യം തിരിച്ചു ചോദിക്കും പുതിയ നിയമസഭാ മന്ദിരമാണോ? എന്ന്. പുതിയ തലമുറയ്ക്കും കേട്ടു പഴകിയ ആ ചോദ്യത്തിൽ നിന്നും പൂർണമായ വിടുതൽ ഉണ്ടായിട്ടില്ല.
പഴയ നിമയസഭയിൽ നിന്നു പുതിയ നിയസഭാ മന്ദിരത്തിലേക്കുള്ള ദൂരം കുറവാണെങ്കിലും ആ മന്ദിരം നിർമ്മിച്ച് അതിലേക്ക് മാറാൻ ഒരു വ്യാഴവട്ടക്കാലമെടുത്തിരുന്നു. ഐക്യ കേരളത്തിന് ശേഷം ഏകദേശം നാല് പതിറ്റാണ്ടിലേറെ നിയമസഭ സമ്മേളനം നടന്നിരുന്നത് നഗരമധ്യത്തിലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനകത്തുള്ള നിയമസഭാ ഹാളിലായിരുന്നു. അവിടെ നിന്ന് 1988ലാണ് പുതിയ നിയമസഭാ മന്ദിരത്തിൽ നിയമസഭയുടെ പ്രവർത്തനം ആരംഭിക്കുന്നത്.

പുതിയ നിയമസഭാ മന്ദിരം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുന്നത് 1979ൽ പി കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെയാണ്. അന്ന് രാഷ്ട്രപതിയായിരുന്ന നീലം സജ്ഞീവ റെഡ്ഢിയാണ് പുതിയ നിയമസഭാ മന്ദിരത്തിന്‍റെ തറക്കല്ലിട്ടത്. പത്താം കേരള നിയമസഭയുടെ കാലത്ത് 1988 മേയ് 22 ന് അന്ന് രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനാണ് പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്. പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രി ഇ കെ നായനാരും സ്പീക്കർ എം വിജയകുമാറും ആയിരുന്നു. പുതിയ നിയമസഭാ മന്ദിരം പ്രഖ്യാപിക്കുമ്പോൾ സി പി ഐ നേതാവായിരുന്ന പി കെ വാസുദേവൻ നായർ (പി കെ വി) കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുകയായിരുന്നു. നിയമസഭ ഉദ്ഘാടനം ചെയ്യുമ്പോൾ സി പി എമ്മിനൊപ്പം എൽ ഡി എഫിലെ ഘടകകക്ഷിയായ സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു പി കെ വി. 1979 ൽ പുതിയ നിയമസഭാ മന്ദിരത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പത്ത് വർഷത്തോളമാകുമ്പോഴായിരുന്നു നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയുടെ പാർലമെന്റ് സമ്മേളനം ദക്ഷിണേന്ത്യയിൽ കൂടാൻ തീരുമാനിച്ചാൽ അതിനുള്ള സൗകര്യമൊരുക്കുന്നത് കണക്കാക്കി കൂടിയാണ് കേരളത്തിലെ പുതിയ നിയമസഭാ മന്ദിരം ഇത്രയും വലുതായും പ്രൗഢിയോടെയും നിർമ്മിച്ചതെന്നാണ് അക്കാലങ്ങളിൽ പറഞ്ഞു കേട്ടിരുന്നത്. ഇത്ര വലിയ കെട്ടിടം എന്തിനാണ് എന്ന് രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നു മുതൽ സാധാരണക്കാർ വരെ അന്ന് സംശയം ഉയർത്തിയിരിക്കുന്നു.
എന്തൊക്കെയായാലും ഏറെ പ്രത്യേകതകളുള്ള കെട്ടിടമായി 25 വർഷം കഴിയുമ്പോഴും കേരളത്തിലെ പുതിയ നിയമസഭാ മന്ദിരം നിലകൊള്ളുന്നു. പത്ത് വർഷം കൊണ്ട് 70 കോടി ചെലവാക്കിയാണ് ഈ വിശാലമായ മന്ദിരം നിർമ്മിച്ചത്. എട്ടു നിലകളാണ് കേരളത്തിലെ നിയമസഭാ സഭാ മന്ദിരത്തിന് ഉള്ളത്. അതിൽ കേരള സർക്കാരിന്‍റെ മുദ്രയുടെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകതകൾ. എട്ട് ടൺ ഭാരമാണ് ഗൺ മെറ്റൽ കൊണ്ട് നിർമ്മിച്ച ഈ സർക്കാർ മുദ്രയ്ക്ക് ഉള്ളത്. ഇരുപത്തിരണ്ടു ഭാഗങ്ങളായി നിർമ്മച്ചെടുത്ത മുദ്ര ഓരോന്നോയി മുകളിൽ കൊണ്ട് വച്ച് വിളക്കി ചേർത്ത് മുദ്ര പൂർത്തിയാക്കുകയായിരുന്നു. തുരുമ്പെടുക്കാതിരിക്കാനായാണ് ഗൺ മെറ്റൽ ഉപയോഗിച്ചത്.
പുറത്തു നിന്നുള്ള കാഴ്ച പോലെ തന്നെ മനോഹരമാണ് നിയമസഭാ മന്ദിരത്തിലെ ഉള്ളിലെ കാഴ്ചകളും. തൂണുകളില്ലാത്ത വിശാലമായ ഹാൾ. 29 മീറ്റർ ഉയരത്തിൽ ഉള്ള മേൽക്കൂര. തൂവെള്ള പൂശിയ മേൽക്കൂരയില്‍ ചിലന്തിക്ക് വല കെട്ടാതിരിക്കാൻ കഴിയാത്ത തരത്തിലുള്ള പെയിന്റ് ആണ് പൂശിയിരിക്കുന്നത്. തേക്കു കൊണ്ടുള്ള നിർമ്മാണങ്ങളും അതിമനോഹരമാണ്. തേക്കു വാതിലുകൾ, കമാനങ്ങൾ, തേക്ക് പലക പാകിയ തറ എന്നിവയും കാണാനാകും.
ഈ നിയമസഭാ മന്ദിരത്തിന്‍റെ ഉദ്ഘാടനവും പ്രത്യേകതയോടെയാണ് നടന്നത്. എം എൽ എ ക്വാർട്ടേഴ്സ് എന്നറിയപ്പെടുന്ന നിയമസഭാ സമാജികരുടെ താമസ സ്ഥലത്തിന് ചേർന്നാണ് ഈ നിയമസഭാ മന്ദിരം. ഉദ്ഘാടന ദിവസം എല്ലാ എം എൽ എമാരും പഴയ നിയമസഭാ മന്ദിരത്തിൽ നിന്നും നടന്നാണ് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
നിർമ്മാണത്തിൽ മാത്രമല്ല, പ്രവർത്തന രീതിയിലും മാതൃകയാണ് കേരള നിയമസഭ. ഒരുപക്ഷേ, ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലാദ്യമായി ദൃശ്യമാധ്യമങ്ങൾ നിയമസഭാ നടപടികൾ തത്സമയ സംപ്രേഷണം ചെയ്യാൻ അനുമതി നൽകിയത് കേരള നിയമസഭയായിരുന്നു. പത്താം കേരള നിയമസഭയുടെ കാലത്ത് ഗവർണറുടെ നയപ്രഖ്യാപനം, ബജറ്റ് സമ്മേളനം എന്നിവ റിപ്പോർട്ട് ചെയ്യാനായിരുന്നു ആദ്യം അനുമതി നൽകിയത്.
നിയസഭാ ഡിജിറ്റൈസ് ചെയ്യാൻ ആരംഭിച്ചു. മാധ്യമ ഉപദേശക സമിതി രൂപീകരിച്ചു. നിയമസഭയുടെ പ്രവർത്തനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുവാൻ പത്താം കേരള നിയമസഭയുടെ കാലത്ത് തന്നെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ ഈ നിയമസഭാ മന്ദിരത്തിന്‍റെ തുടക്കം തന്നെ ഏറെ മാറ്റങ്ങൾക്ക് കൂടെ തുടക്കം കുറിച്ചു കൊണ്ടായിരുന്നു.