scorecardresearch
Latest News

ഗൾഫ് രാജ്യങ്ങളിലെ മങ്ങുന്ന തൊഴിൽ സാധ്യത പ്രവാസികളുടെ ഭാവിയെക്കുറിച്ച് പഠനം

എണ്ണ വിപണി ശോഷിക്കുന്നതും വിദേശ രാജ്യങ്ങൾ സ്വദേശി വൽക്കരണം ആരംഭിച്ചതും കേരളത്തിലെ തൊഴിലന്വേഷകർക്കും പ്രവാസികൾക്കും ആഘാതമായെന്ന് ഗവേഷകർ

ഗൾഫ് രാജ്യങ്ങളിലെ മങ്ങുന്ന തൊഴിൽ സാധ്യത പ്രവാസികളുടെ ഭാവിയെക്കുറിച്ച് പഠനം

തിരുവനന്തപുരം : പ്രവാസികളുടെ അസ്ഥിരമായ അസ്തിത്വത്തെക്കുറിച്ചും, വാഗ്ദത്ത ഭൂമികളിൽ നിന്നും വിവിധ സാഹചര്യങ്ങൾ മൂലം ഉള്ള നിർബന്ധിത പലായനത്തെക്കുറിച്ചുമുള്ള പഠനം കേരളത്തിൽ ആരംഭിച്ചു. വർത്തമാന ആഗോള സാഹചര്യവും, സമീപ വിദൂര ഭാവികളിൽ ഉരുത്തിരിയാനിടയുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പഠനത്തിന്റെ പരിധിയിൽ പെടും. 2009 ലെ സാമ്പത്തിക മാന്ദ്യം, എണ്ണ വിപണിയിൽ സംഭവിക്കുന്ന ഇടിവ്, ലോക രാജ്യങ്ങൾ അഭയാർത്ഥി പ്രശ്നത്തിൽ സ്വീകരിക്കുന്ന നിരാശാജനകമായ നിലപാട് എന്നീ വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പഠനം മുന്നോട്ടുപോവുക. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ഈ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന പ്രതിഫലനവും പഠന വിഷയമാണ്.

തിരുവന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കുടിയേറ്റ വകുപ്പാണ് പഠനം നടത്തുന്നത്. എസ് ഇരുദയരാജനാണ് പഠനത്തിന് നേതൃത്വം നൽകുക. പ്രശ്നത്തിന്റെ അടിസ്ഥാന വശങ്ങളെ കുറിച്ച് മാത്രമാണ് പഠനം നടത്തുക. വിദേശങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള കൂട്ടപലായനത്തിന്റെ സ്ഥിരീകരിക്കാത്ത സാഹചര്യങ്ങൾ പഠനവിധേയമാക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Kerala Migration Study – KMS@ 20 എന്നാണ് പഠനത്തിനിട്ടിരിക്കുന്ന പേര്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് 1998 ൽ ആരംഭിച്ച പഠന പരമ്പരയിൽ എട്ടാമത്തേതാണിത്. 14 ജില്ലകളിലായി 25,000 കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പഠനം മുന്നോട്ടുപോവുക എന്ന് ഇരുദയരാജൻ പറഞ്ഞു.ഏപ്രിലിൽ ആദ്യ പഠന റിപ്പോർട്ട് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ആഗോള എണ്ണ വിപണിയിൽ സംഭവിക്കുന്ന മാറ്റവും വിലയിൽ വന്ന ഇടിവും മധ്യ പൂർവേഷ്യൻ രാജ്യങ്ങൾക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. മാത്രമല്ല വിദേശ രാജ്യങ്ങൾ സ്വദേശി വൽക്കരണം ആരംഭിച്ചതും കേരളത്തിലെ തൊഴിലന്വേഷകർക്കും പ്രവാസികൾക്കും മറ്റൊരാഘാതമായി.

“കേരളത്തിൽ ഇതിന്റെ അനുരണനങ്ങൾ കണ്ടു തുടങ്ങി. ഈ മേഖലയിലേക്ക് ഏറ്റവും അധികം തൊഴിലാളികളെ സംഭാവന ചെയ്യുകയും, വലിയ ഒരളവിൽ വിദേശ നാണ്യം സ്വീകരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വിദേശത്തുള്ള മലയാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നും 2016 ൽ നടന്ന പഠനം വെളിവാക്കുന്നു.

ആദ്യമായി 1998ൽ കെ എം എ നടത്തിയ പഠനത്തിൽ വിദേശത്തേക്ക് കുടിയേറിയ കേരളീയരായ പ്രവാസികളുടെ എണ്ണം 1 .36 മില്യനായിരുന്നു.2003 ഇത് 8 .36 മില്യനും,2008 ൽ 2 .19 മില്യനും,2011 2 .28 മില്യനും ആണ് ഉയർന്നു.

ഈവർഷം അവസാനത്തോടെ പുതിയ പഠന റിപ്പോർട്ട് പ്രസിദ്ധീ കരിക്കുന്നതോടെ പ്രവാസികളുടെ ക്ഷേമം സംബന്ധിച്ചു നടപടി എടുക്കാൻ സർക്കാരിന് കഴിയും എന്ന് ഇരുദയരാജൻ പറഞ്ഞു. മാത്രമല്ല തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും ഈ റിപ്പോർട്ട് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലുള്ള മൂന്നു വിമാന താവളങ്ങൾ വഴി വരികയും,പോവുകയും ചെയ്യുന്നവരുടെ കണക്കെടുത്ത് പ്രശ്നത്തെ സമീപിക്കുന്നത് വിഡ്ഢിത്തമായിരിക്കും എന്നും ഇരുദയരാജൻ അഭിപ്രായപ്പെട്ടു.”വിമാനത്താവളങ്ങളിൽ ഉള്ളത് യാത്രക്കാരുടെ കണക്കു മാത്രമാണ് .വസ്തുതകളല്ല. ഇതിൽ ജോലി തേടിയല്ലാതെ പോകുന്ന സ്ത്രീകളും കുട്ടികളുമുണ്ടാകും.വിദേശ യാത്രക്ക് പോകുന്നവരുണ്ടാകും ” അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം പ്രവാസികളിൽ നിന്നും ലഭിക്കുന്ന വിദേശ നാണ്യമാണ്‌. കേരളത്തിന്റെ വാർഷിക വരുമാനത്തിന്റെ 36 .3 ശതമാനം വരും ഇത്. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒരു പരിധി വരെ ദാരിദ്ര്യം നിർമാർജനം ചെയ്യാനും, ജീവിത നിലവാരം ഉയർത്താനും സഹായിച്ചു.കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗം പ്രവാസികളുടെ സാമ്പത്തിക സഹായത്തിന്റെ ഫലം അനുഭവിക്കുന്നവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. .

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കു പ്രകാരം വിദേശ വരുമാനത്തിൻെറ വളർച്ചാ തോത് ഈ അടുത്ത കാലത്തായി കുറഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cds begins diaspora study kerala migration study