കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ അക്രമി സംഘം വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം.

കായ്യത്ത് റോഡില്‍ വച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തില്‍ നിന്നും നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്തുടര്‍ന്ന് വന്ന സംഘം നസീറിനെ വെട്ടുകയായിരുന്നു. സ്വയരക്ഷയ്ക്കായി നസീര്‍ അടുത്തുള്ള കാറിന് അടിയിലേക്ക് കയറുന്നതും കാണാം. സമീപത്തു കൂടി പോകുന്നവരാരും നസീറിനെ തിരിഞ്ഞു നോക്കുന്നത് പോലുമില്ല.

തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്ക് പിന്നില്‍ സി.പി.ഐ.എം നേതാവും തലശ്ശേരി എം.എല്‍.എയുമായ എ.എന്‍ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നസീര്‍ പറഞ്ഞിരുന്നു.

ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചത്. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ പറഞ്ഞിരുന്നു. ഷംസീര്‍ എം.എല്‍.എ ഓഫീസില്‍വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.