കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളുടെ ഫീസ് നിർണയ മാനദണ്ഡം സംബന്ധിച്ച് ഹൈക്കോടതി സിബിഎസ്ഇയോട് നിലപാട് തേടി. നിയമാവലി പ്രകാരം എങ്ങനെയാണ് ഫീസ് നിശ്ചയിക്കുന്നതെന്ന് കാണിച്ച് വ്യക്തമായ നിലപാട് അറിയിക്കാൻ സിബിഎസ്ഇയോട് കോടതി നിർദേശിച്ചു.

ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് അടക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന ഉത്തരവ് കോടതി ദീർഘിപ്പിച്ചു. ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കുമെന്ന ആലുവ സെൻറ് ജോസഫ് പബ്ളിക്ക് സ്കൂൾ മാനേജ്മെൻറിന്റെ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് മാനേജ്മെൻറ് വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയത്.

Read More: പാലാരിവട്ടം പാലം നിർമാണം എട്ടുമാസത്തിനകം പൂർത്തിയാക്കും; മേൽനോട്ട ചുമതല ഇ ശ്രീധരന്

കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്ക്കുളുകൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തിക സഹായം നൽകാൻ നിർദേശിക്ക്ണമെന്ന ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ചൊവ്വാഴ്ച നിർദേശം നൽകിയിരുന്നു. ഏത് സർക്കാരാണ് സഹായം നൽകേണ്ടതെന്നും അറിയിക്കണം.

സിബിഎസ്ഇ അടക്കമുള്ള സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് അടയ്ക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നിഷേധിക്കുന്നത് തടയണമെന്നും യഥാർത്ഥ ഫീസ് നിർണയിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ നിർദ്ദേശം.

Read More: നിരപരാധിയെന്ന് കോടതി വിധിച്ചിട്ടും ജോഷി ജയിലില്‍ തന്നെ; അന്വേഷണത്തിന് ഉത്തരവ്

കോവിഡ് സാഹചര്യങ്ങളിൽ സ്കുളുകളും രക്ഷകർത്താക്കളും സാമ്പത്തീക വിഷമത്തിലാണന്നും സർക്കാർ സഹായം നൽകിയാൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നിഷേധിക്കപ്പെടില്ലന്നും
ഹർജിയിൽ പറയുന്നു.

കൊച്ചി വെണ്ണല സ്വദേശി കെ.പി. ആൽബർട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് ചൊവ്വാഴ്ച പരിഗണിച്ചത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.