കൊച്ചി: സിബിഎസ്ഇ സ്കൂളുകളുടെ വരവ് ചെലവ് കണക്കുകൾ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ പരിശോധിച്ച് റിപ്പോർട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൺലൈൻ ക്ലാസുകൾക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ രക്ഷകർത്താക്കൾ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

ഈ വർഷം വിദ്യാർത്ഥികളിൽനിന്ന് ചെലവ് തുക മാത്രമേ ഈടാക്കാവൂയെന്ന് കോടതി നിർദേശിച്ചിരുന്നു. വരവും ചെലവും പരിശോധിച്ച് ഈടാക്കാവുന്ന തുക എത്രയാണന്ന് ഡിഇഒമാർ നാലു ദിവസത്തിനകം കോടതിയെ അറിയിക്കണം. കണക്ക് പരിശോധിക്കാൻ സംവിധാനമില്ലന്ന് സിബിഎസ്ഇ അറിയിച്ചതിനെത്തുടർന്ന് കോടതി സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. സർക്കാർ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് കോടതി ഡിഇഒമാരെ ചുമതലപ്പെടുത്തിയത്. കേസ് 21 ന് പരിഗണിക്കും.

സിബിഎസ്ഇ സ്കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സ്കുളുകളുടെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുനതിന് സർക്കാർ തലത്തിൽ സംവിധാനമൊരുക്കുന്ന കാര്യത്തിൽ തീരുമാനമറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയതാണ്.

കണക്ക് പരിശോധിക്കാൻ സംവിധാനമില്ലന്ന് സിബിഎസ്ഇ അറിയിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ സിബിഎസ്ഇ കൈകഴുകുകയാണന്ന് വിമർശിച്ച കോടതി കണക്ക് പരിശോധിക്കാൻ സംവിധാനമൊരുക്കാൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.