കൊച്ചി: നടപ്പ് അധ്യയന വർഷം വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ഫീസ് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ സിബിഎസ്ഇ മാനേജ്മെൻറ് അസോസിയേഷന് ഹൈക്കോടതി നിർദ്ദേശം നൽകി. ലോക്ക്ഡൗൺ കാലയളവിൽ സ്കുളുകൾ സാധാരണ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നില്ലന്നിരിക്കെ മുൻ വർഷത്തെ ഫീസ് ഈടാക്കാൻ തങ്ങൾക്ക് അവകാശമുണ്ടന്ന സ്കുളുകളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഏതൊക്കെ ഇനത്തിലാണ് ഫീസ് ഈടാക്കിയതെന്നും എന്തൊക്കെ ഇളവുകൾ നൽകിയെന്നും പത്ത് ദിവസത്തിനകം അറിയിക്കണം. കോവിഡ് സാഹചര്യം മുതലെടുത്ത് രക്ഷിതാക്കൾ ഫീസടക്കുന്നില്ലന്നും സ്കൂളുകളുടെ പ്രവർത്തനം തടസപെടുത്തുകയാണന്നും ചുണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.
ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് അടക്കാത്ത വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ആലുവ സെൻറ് ജോസഫ് സ്കൂൾ മാനേജ്മെന്റിന്
നൽകിയ നിർദേശം കോടതി നീട്ടി. ലോക്ക്ഡൗൺ നിലവിൽ വരുന്നതിന് മുമ്പുള്ള ഫീസ് കുടിശിക ഒരു മാസത്തിനകം അടയ്ക്കാൻ ഹർജിക്കാരനായ രക്ഷിതാവിന് കോടതി നിർദ്ദേശം നൽകി. ഓൺലൈൻ ക്ലാസ് കാലയളവിൽ വിദ്യാർത്ഥികളിൽ നിന്ന് സ്പെഷ്യൽ, എസ്റ്റാബ്ളിഷ്മെൻറ്, മാഗസിൻ ഫീസുകൾ ഈടാക്കിയത് സംബന്ധിച്ചും മാനേജ്മെന്റ് വിശദീകരണം നൽകണം.
കോവിഡ് സാഹചര്യങ്ങളിൽ സ്കുളുകളും രക്ഷകർത്താക്കളും സാമ്പത്തീക വിഷമത്തിലാണന്നും സർക്കാർ സഹായം നൽകിയാൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നിഷേധിക്കപ്പെടില്ലന്നും ഹർജിയിൽ പറയുന്നു. കൊച്ചി വെണ്ണല സ്വദേശി കെ.പി. ആൽബർട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് ചൊവ്വാഴ്ച പരിഗണിച്ചത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.