scorecardresearch

എനിക്കൊരു നല്ല മനുഷ്യനാകണം: ഒന്നാം റാങ്കുകാരിയുടെ ആഗ്രഹം ഇതാണ്

കോട്ടയം ജില്ലയിലെ പാലായിലുളള ചാവറ പബ്ലിക് സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഈ മിടുക്കിയിപ്പോൾ

കോട്ടയം ജില്ലയിലെ പാലായിലുളള ചാവറ പബ്ലിക് സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ഈ മിടുക്കിയിപ്പോൾ

author-image
Kiran Gangadharan
അപ്‌ഡേറ്റ് ചെയ്‌തു
New Update
എനിക്കൊരു നല്ല മനുഷ്യനാകണം: ഒന്നാം റാങ്കുകാരിയുടെ ആഗ്രഹം ഇതാണ്

കൊച്ചി: അപ്രതീക്ഷിതമായി കിട്ടിയ ഒരു റാങ്കിന്റെ ഞെട്ടലിലാണ് വെണ്ണല ശ്രീപദ്മം വീട്. മകൾ ശ്രീലക്ഷ്മി സ്‌കൂളിൽ ഒന്നാമതെത്തണമെന്ന ഒരു പ്രാർത്ഥനയായിരുന്നു അമ്മ രമയ്ക്കും അച്ഛൻ ഗോപിനാഥനും ഉണ്ടായിരുന്നത്. എന്നാൽ മകൾ നേടിയത് അതിനേക്കാൾ, മൂല്യമേറിയ, രാജ്യമാകെ പ്രസിദ്ധി നേടിയ വിജയം.

Advertisment

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 499 മാർക്കും നേടി ഒന്നാമതെത്തിയ ആ പെൺകുട്ടി ഐഇ മലയാളത്തോട് തന്റെ ആഗ്രഹം പറഞ്ഞതിങ്ങനെ. "എനിക്കൊരു ഡോക്ടറാകണം എന്നാണ് ആഗ്രഹം. അതിനാണ് എൻട്രൻസ് പരിശീലനവും പ്ലസ് ടുവും ഉളള സ്കൂളിൽ ചേർത്തത്. പക്ഷെ ഡോക്ടറാകാനൊക്കെ ആർക്കും കഴിയുമല്ലോ. നല്ലൊരു മനുഷ്യനാകാനാണ് സാധിക്കാത്തത്," ശ്രീലക്ഷ്മി പറഞ്ഞു.

publive-image ശ്രീലക്ഷ്‌മി സഹോദരൻ ശ്രീഹരിക്കൊപ്പം

റാങ്ക് വിവരമറിഞ്ഞ് ഞങ്ങൾ വിളിക്കുമ്പോൾ കോട്ടയം പാലായിലെ ചാവറ പബ്ലിക് സ്‌കൂളിലായിരുന്നു ഈ മിടുക്കി. എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കൺട്രോളറായ എൽടി രമയ്ക്ക് പട്ടാമ്പി സംസ്കൃത കോളേജിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് മകളെ ഹോസ്റ്റലിലാക്കി പഠിപ്പിക്കാൻ തീരുമാനിച്ചത്.

കേരള ഹൈക്കോടതിയിൽ സീനിയർ സർക്കാർ അഭിഭാഷകനാണ് ശ്രീലക്ഷ്‌മിയുടെ അച്ഛൻ എസ് ഗോപിനാഥൻ. "അച്ഛൻ എപ്പോഴും ജോലി കഴിഞ്ഞ് വരുമ്പോൾ വൈകും. അപ്പോൾ പിന്നെ മകളെ ഒറ്റയ്ക്ക് വീട്ടിലാക്കാൻ സാധിക്കില്ലല്ലോ. അതിനാലാണ് ചാവറ പബ്ലിക് സ്‌കൂളിൽ ചേർത്തത്," രമ പറഞ്ഞു.

Advertisment

publive-image ശ്രീലക്ഷ്മി അച്ഛൻ അഡ്വ എസ് ഗോപിനാഥനും അമ്മ രമയ്ക്കും ഒപ്പം

"അന്നന്ന് പഠിപ്പിച്ച പാഠങ്ങൾ അന്നന്ന് പഠിക്കുമായിരുന്നു. അല്ലാതെ കൂട്ടിവച്ചാൽ പിന്നെ വലിയ ബുദ്ധിമുട്ടാകുമെന്നും അദ്ധ്യാപകർ എപ്പോഴും പറഞ്ഞു. അതനുസരിക്കുകയായിരുന്നു ചെയ്തത്," ശ്രീലക്ഷ്മി തന്റെ പഠന രീതികളെ കുറിച്ച് സംസാരിച്ചു.

publive-image അഞ്ചാം ക്ലാസിലായിരുന്നപ്പോൾ ശ്രീലക്ഷ്‌മി നൃത്തം ചെയ്യുന്ന ചിത്രം

"കണക്ക് പരീക്ഷ കഴിഞ്ഞ അന്ന് തന്നെ ഉത്തരങ്ങൾ ശരിയായിരുന്നോ എന്ന് നോക്കി. അതിൽ പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട ഒരുത്തരം തെറ്റി. അതെനിക്കറിയാവുന്നതായിരുന്നു. അശ്രദ്ധ കൊണ്ട് തെറ്റിപ്പോയതാണ്," ശ്രീലക്ഷ്‌മി സങ്കടം മറച്ചുവെച്ചില്ല.

"പത്താം ക്ലാസ് പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു. ഒൻപതിലായിരുന്നു കൂടുതൽ കടുപ്പമേറിയ സിലബസ് ഉണ്ടായിരുന്നത്. വീട്ടിൽ അമ്മയ്ക്ക് എപ്പോഴും കോളേജിലെ ജോലിത്തിരക്കുണ്ടായിരുന്നു. വിഷമമേറിയ കാര്യങ്ങളിൽ അമ്മയുടെ സഹായം തേടി. അല്ലാത്തപ്പോഴൊക്കെ സ്വയം തന്നെയാണ് പഠിച്ചത്." ശ്രീലക്ഷ്മി വിശദീകരിച്ചു.

"കണക്കിൽ ഒരു മാർക്ക് കുറയുമെന്ന് ഉറപ്പായിരുന്നു. ഇംഗ്ലീഷിൽ മൂല്യനിർണ്ണയം ഏറെ കടുപ്പമായിരിക്കുമെന്ന് അമ്മ പറഞ്ഞു. അതിനാൽ അതിലും മാർക്ക് കുറയുമെന്നായിരുന്നു കരുതിയത്. പക്ഷെ ഇത്ര വലിയൊരു വിജയം നേടുമെന്ന് ഞാൻ കരുതിയതല്ല. നല്ല മാർക്ക് വാങ്ങണമെന്ന ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുളളൂ," ശ്രീലക്ഷ്മി പറഞ്ഞുനിർത്തി.

Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: