തിരുവനന്തപുരം: അനുജന്‍റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിൽ നിന്നും സിബിഐ നാളെ മൊഴി എടുക്കും. നാളെ രാവിലെ പത്ത് മണിക്ക് മൊഴി നൽകാൻ എത്താൻ ശ്രീജിത്തിനോടും അമ്മ രമണി പ്രമീളയോടും സിബിഐ അറിയിച്ചിട്ടുണ്ട്.

അനുജൻ ശ്രീജീവിനെ പാറശാല പൊലീസ് കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് രണ്ട് വർഷത്തിലേറെയായി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്. സമരം 750 ദിവസം ആയപ്പോൾ അച്ചടിമാധ്യമങ്ങളിലും പിന്നീട് ദൃശ്യ മാധ്യമങ്ങളിലും ശ്രീജത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നു 765 ദിവസം പിന്നിട്ടപ്പോഴാണ് സോഷ്യൽ മീഡിയ കൂട്ടായ്മ ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. ഈ​ പിന്തുണ വലിയ ജനപിന്തുണയായി മാറിയതോടെ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് വീണ്ടും കത്തെഴുതി. ഇതേ സമയം, ശ്രീജിത്ത് ഹൈക്കോടതിയെയും ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു. നേരത്തെ കേസ് അന്വേഷിക്കാൻ വിസമ്മതിച്ച സിബിഐ കേസ് അന്വേഷിക്കാം എന്ന് ഉറപ്പ് നൽകി. എന്നാൽ കേസ് അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് പറഞ്ഞു. പിന്നീട് അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ കേസ് തീർപ്പാക്കിയിട്ടേ സമരം അവസാനിപ്പിക്കുകയുളളൂ എന്ന് വ്യക്തമാക്കി ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയാണ്.

2018 ജനുവരി 24 നാണ് സി ബിഐ​ കേസ് റജിസ്റ്റർ ചെയ്തത്. ശ്രീജിത്തിന്‍റെ സമരം 783 ദിവസം പിന്നിടുമ്പോഴാണ് സിബിഐ മൊഴിയെടുക്കാൻ എത്തുന്നത്.  2014 മെയ് 19 -നാണ്  ഏതോ പെറ്റി കേസുണ്ടെന്ന് പറഞ്ഞു നെയ്യാറ്റിൻകര കുളത്തൂർ സ്വദേശിയായ ശ്രീജീവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിറ്റേ ദിവസം  പൊലീസ് കസ്റ്റഡിയിലിരിക്കെ   ശ്രീജീവ് ആശുപത്രിയിൽ വച്ച്  മരണമടഞ്ഞു. ലോക്കപ്പിൽ വച്ച് ശ്രീജീവ് വിഷം കഴിച്ചു എന്നാണു പൊലീസ് ഭാഷ്യം. അയൽവാസിയായ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്‍റെ സഹായത്തോടെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇതു ചൂണ്ടിക്കാട്ടി സഹോദരനായ ശ്രീജിത്ത് സംസ്‌ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് പരാതി നൽകി. ശ്രീജീവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചതായുള്ള പൊലീസിന്‍റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീജീവിനെ പൊലീസ് മർദിച്ചു അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്‌ഥാന പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ഗോപകുമാറും, അഡിഷണൽ എസ്ഐ ഫിലിപ്പോസും, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപ ചന്ദ്രൻ, വിജയ ദാസ് എന്നിവരാണ് ഇതിനു കാരണക്കാർ എന്നും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ടു മഹസർ തയാറാക്കിയ സബ് ഇൻസ്‌പെക്ടർ ഡി.ബിജുകുമാർ വ്യാജ രേഖ ചമച്ചതായും വ്യക്തമായി.

ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തുന്നതിന് സംസ്‌ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ വർഷം മേയിൽ (17/05/2015) നിർദേശം നൽകിയെങ്കിലും നാളിതുവരെ അന്വേഷണ സംഘംപോലും രൂപീകരിക്കാതെ വളരെ അലസമായ നിലപാടാണ് പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തിൽ എടുക്കുന്നത് എന്നാണു സഹോദരനായ ശ്രീജിത്ത് ആരോപിക്കുന്നത്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടതിൻ പ്രകാരം 10 ലക്ഷം രൂപ ശ്രീജിവിന്‍റെ കുടുംബത്തിന് അനുവദിച്ചു കിട്ടി. എന്നാൽ സഹോദരന്‍റെ മരണത്തിനു ഉത്തരവാദികളായവരെ നിയമപരമായി ശിക്ഷിക്കുന്നതുവരെ സമരം തുടരും എന്ന നിലപാടിൽ മുൻ സർക്കാരിന്‍റെ കാലത്ത് തന്നെ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചു.  പുതിയ സർക്കാർ മാറി വന്നിട്ടും ഒന്നും ശരിയാകാത്ത സാഹചര്യത്തിൽ  ശ്രീജിത്ത് സമരം ശക്തിപ്പെടുത്തി.

2017 ജനുവരി 30 മുതൽ മരണംവരെ നിരാഹാര സമരം തുടങ്ങിയിരുന്നു. സമരം രണ്ടാം മാസത്തിലേയ്ക്ക് കടന്നപ്പോൾ മാർച്ച് എട്ടിന് നടിയും സാമൂഹിക പ്രവർത്തകയുമായ പാർവ്വതി വിഷയത്തിൽ ഇടപെട്ടു. ലോക വനിതാ ദിനത്തിൽ ശീജിത്തിന്രെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർവ്വതി അന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ശ്രീജിത്തിനൊപ്പം നിരാഹാരമിരിന്നു. പിസി ജോർജ് എംഎൽഎ​ ഉൾപ്പടെയുളളവർ വിഷയത്തിൽ​ ഇടപെട്ടു. അന്ന് സർക്കാർ ഉറപ്പുകൾ നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. തുടർന്ന് ശ്രീജിത്ത് സമരം തുടരുകയായിരുന്നു. ആ സമരത്തിനൊടുവിലാണ് സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.