തിരുവനന്തപുരം: സഹോദരൻ ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സഹോദരൻ ശ്രീജിത്തിന്റെ സമരം നാളെ അവസാനിപ്പിച്ചേക്കും. കേസന്വേഷണം ഏറ്റെടുത്ത് സിബിഐ വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം സിബിഐ യൂണിറ്റിന് ചുമതല നൽകിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. കേസ് നാളെ റജിസ്റ്റർ ചെയ്യും.

വിജ്ഞാപനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. “ആരോഗ്യപരമായി വളരെയധികം അവശനാണ്. അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരെ നടപടി ആരംഭിക്കുന്ന പക്ഷം സമരം അവസാനിപ്പിക്കും. വിജ്ഞാപനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും”, ശ്രീജിത്ത് പറഞ്ഞു.

സമരം ആരംഭിച്ച് 775-ാമത്തെ ദിവസമാണിന്ന്. സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കാൻ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്.

സമരത്തിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ച പിന്തുണയ്ക്ക് പിന്നാലെ ഐക്യദാർഢ്യം അറിയിച്ച് നിരവധി പേരാണ് സമരപ്പന്തലിൽ എത്തിയത്. ഇതേ തുടർന്ന് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും സിബിഐ ഡയറക്ടരെ കണ്ടിരുന്നു.

സംസ്ഥാന സർക്കാരും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയെ സമീപിച്ചിരുന്നു. ഇതോടെയാണ് അനുകൂല തീരുമാനമുണ്ടായത്. കേസന്വേഷണം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് സിബിഐ നൽകിയ അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് ശ്രീജിത്തിന്റെ സമരപ്പന്തലിൽ എത്തി അദ്ദേഹത്തിന് കൈമാറിയത്.

മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു.

കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. രണ്ടു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് കൂട്ടായി ഉണ്ടായിരുന്നത് സുഹൃത്തുക്കൾ മാത്രമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ