തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽക്കൊണ്ടുവരാൻ വേണ്ടി സെക്രട്ടറിയേറ്റ് നടയിൽ സഹനസമരം നടത്തിയ ശ്രീജിത്തിന്റെ സമരം വിജയിച്ചു. ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചു.​​ ഇത് സംബന്ധിച്ചുളള വിജ്ഞാപനം സിബിഐ പുറത്തിറക്കി. ഈ​ വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു കഴിഞ്ഞു. വിജ്ഞാപനത്തിന്റെ പകർപ്പ് ശ്രീജിത്തിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ നേരിട്ടെത്തി കൈമാറി.

എന്നാൽ സമരം ഇപ്പോൾ അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് പ്രതികരിച്ചു. സിബിഐ അന്വേഷണ നടപടികൾ ആരംഭിച്ചാൽ മാത്രമെ സമരം അവസാനിപ്പിക്കുള്ളുവെന്ന് ശ്രീജിത്ത് പറഞ്ഞു. ഈ നടപടികൾ സർക്കാരിന് നേരത്തെ കൈക്കൊള്ളാമായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.

771 ദിവസം നീണ്ടു നിന്ന ഐതിഹാസിക സമരത്തിന് ശേഷമാണ് ശ്രീജിത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത്. സഹോദരന്റെ കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ശ്രീജിത്തിന്റെ സമരം. 2014 ൽ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡയിൽ സഹോദരൻ കൊല്ലപ്പെട്ടുവെന്നാണ് ശ്രിജിത്തിന്റെ പരാതി.

ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.

മെയ് 21നായിരുന്നു ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്. രണ്ടു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിന് കൂട്ടായി ഉണ്ടായിരുന്നത് സുഹൃത്തുക്കൾ മാത്രമാണ്.

ശ്രീജിവിന്റേത് കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി മുൻ ചെയർമാനും റിട്ട. ജഡ്‌ജിയുമായ കെ.നാരായണകുറുപ്പ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കസ്റ്റഡിയിൽ നടന്ന കൊലപാതകം മറച്ചുവയ്ക്കാൻ പൊലീസ് കളള തെളിവുണ്ടാക്കിയതായും നാരായണകുറുപ്പ് പറഞ്ഞിരുന്നു. തന്രെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തത ഉണ്ട്. അത് നീക്കം ചെയ്യാൻ സർക്കാർ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook