ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും. കേന്ദ്രസർക്കാർ ആണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നായിരുന്നു സിബിഐയുടെ നിലപാട്.

അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തിൽ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഏറ്റെടുക്കാൻ സിബിഐ നിർബന്ധിതരാവുകയായിരുന്നു.

സിബിഐ അന്വേഷണം നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ