കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനംവകപ്പുദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കുടപ്പനക്കുളം സ്വദേശി പി.പി മത്തായിയുടെ മരണത്തിൽ അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് വിടാൻ തയ്യാറാണന്ന് സർക്കാർ അറിയിച്ചു. കേസ് എത്രയും വേഗം സിബിഐക്ക് കൈമാറാൻ നിർദ്ദേശിച്ച കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജി തീർപ്പാക്കി.

പ്രതികളെ എന്തുകൊണ്ട് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നില്ലന്ന് കോടതി ആരാഞ്ഞു. കേസിൽ ആരെയും പ്രതി ആക്കിയിട്ടില്ലെന്നും കേസിന്റെ എല്ലാ വിശദാംശങ്ങളും പുറത്തു വിടാനാവില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിക്ക് കയ്‌മാറി.

മൃതദേഹം എന്ത് കൊണ്ട് മറവ് ചെയ്യുന്നില്ല എന്നും കോടതി ആരാഞ്ഞു. കുട്ടികളുടെ അവസ്ഥ മനസ്സിലാക്കണം.
പത്രങ്ങളിൽ വന്ന വാർത്തയും ചിത്രവും വേദനാജനകമാണ്. ഇനിയും മോർച്ചറിയിൽ വെക്കേണ്ട ആവശ്യം ഉണ്ടോ എന്നും കോടതി വാക്കാൽ പരാമർശിച്ചു. സംസ്ക്കാരത്തിന് ഇടപെടാൻ ഹർജിക്കാരുടെ അഭിഭാഷകനാടും കോടതി അഭ്യർത്ഥിച്ചു.

ഓഗസ്റ്റ് പതിമൂന്നിന് ഷീബയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മത്തായിയുടെ മരണത്തിൽ സമഗ്രവും പഴുതടച്ചുള്ളതുമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണന്ന് പത്തനംതിട്ട എസ് പി കെ.ജി. സൈമൺ കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്.

Read More: മത്തായിയുടെ മരണം: ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടി

വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, അന്യായമായി തടങ്കലിൽ വെയ്ക്കൽ, കുറ്റസമ്മതത്തിനായി മർദിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തിന് അഡീഷ്ണൽ എസ്.പി.മേൽനോട്ടം വഹിക്കുന്നുണ്ട്.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വനം വകുപ്പുദ്യോഗസ്ഥരടക്കം കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരുടേയും ഫോൺ രേഖകൾ ശേഖരിച്ചു. ഫോൺ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണ്. മത്തായിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദേഹത്തെ മുറിവുകൾ ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഉണ്ടായതാണന്നും റിപ്പോർട്ടിൽ പറയുന്നു.

മരണ കാരണവും മുറിവുകളുടെ സ്വഭാവവും വിലയിരുത്തുന്നതിന് ഡമ്മി പരീക്ഷണം നടത്തി. കോട്ടയം മെഡിക്കൽ കോളേജിലെ പൊലീസ് സർജന്റെയും ഫോറൻസിക് സർജന്റെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

Read More: മത്തായിയുടെ മരണം കൊലപാതകം തന്നെയെന്ന് കുടുംബം; സിബിഐ അന്വേഷണം ആവശ്യപ്പെടും

ചിറ്റാർ ഫോറസ്റ്റ് ഓഫീസിലെ ജനറൽ ഡയറിയും വിവരം പൊലീസിനെ അറിയിച്ച ഉദ്യോഗസ്ഥന്റെ ഫോണും കസ്റ്റഡിയിലെടുത്തു. ചിറ്റാർ സ്റ്റേഷനിലെ ബീറ്റ് ഓഫീസറുടെ ഫോണും ഒക്കറൻസ് റിപ്പോർട്ട് തയാറാക്കിയ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക്കു ഫോറൻസിക്ക് പരിശോധനക്കയച്ചു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അടക്കം 60 സാക്ഷികളുടെ മൊഴി എടുത്തതായും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 28ന് നാലു മണിയോടെ വനം വകുപ്പുദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത മത്തായിയെ അന്നു വൈകിട്ട് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook