കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ 20 ന് അപ്പീൽ നൽകിയേക്കും. കേസിൽ സിബിഐ അപ്പീൽ നൽകാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു.
കേസിൽ പ്രത്യേക സിബിഐ കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി കേരള ഹൈക്കോടതി ശരിവച്ചിരുന്നു. വൈദ്യുതി വകുപ്പ് മുൻ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയും പിണറായിക്കൊപ്പം തന്നെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഓഗസ്റ്റ് 23 നാണ് ഹൈക്കോടതി പിണറായി വിജയൻ ഉൾപ്പടെയുളള മോഹനചന്ദ്രൻ, ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി ഹൈക്കോടതി വിധി വന്നത്. ഇതിൽ മോഹനചന്ദ്രൻ ഒന്നാം പ്രതിയും പിണറായി വിജയൻ ഏഴാം പ്രതിയും ഫ്രാൻസിസ് എട്ടാം പ്രതിയുമായിരുന്നു. ഈ കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികളായ വൈദ്യുത ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
ലാവലിൻ അഴിമതിക്കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്. പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമായിരുന്നു ഹൈക്കോടതിയിൽ സിബിഐയുടെ വാദം. എന്നാൽ പിണറായി വിജയൻ വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിണറായി ഉൾപ്പടെയുളളവരെ കുറ്റവിമുക്തമാക്കിയ കോടതി വിധിയിൽ പിണറായിയെ തിരഞ്ഞു പിടിച്ചാണ് സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിനായി ഉണ്ടാക്കിയ പദ്ധതിയിലൂടെ കേരളത്തിന് 374 കോടി രൂപ നഷ്ടം സംഭവിച്ചതായ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലാണ് ലാവലിൻ കേസ്. കേസിൽ പിണറായി വിജയനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്.