/indian-express-malayalam/media/media_files/uploads/2019/02/kripesh-sarath.jpg)
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. എന്നാല്‍ കേസിലെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന്‍ ബഞ്ച് തള്ളി. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി, സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ഉത്തരവിട്ടത്.
കേസ് ഡയറിയും അനുബന്ധ രേഖകളുംപരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് കേസ് സിബിഐക്ക് വിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന വാദം. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ സര്‍ക്കാരിന്റെ വാദം വേണ്ടവിധം പരിഗണിക്കാതെയാണു സിംഗിള്‍ ജഡ്ജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് പരിധി വിട്ടന്നും വിചാരണക്കോടതിയെ പോലെ പെരുമാറിയെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
Read More: പെരിയ ഇരട്ടകൊലക്കേസ്: സിബിഐ അന്വേഷണത്തിനെതിരായ അപ്പീൽ ബഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി
അന്തിമ റിപ്പോര്‍ട്ട് വാദികള്‍ വിചാരണക്കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി നിയമപരമല്ലന്നും സര്‍ക്കാര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ ശരിവച്ചു കൊണ്ടാണ് കുറ്റപത്രം ഡിവിഷന്‍ ബഞ്ച് പുനസ്ഥാപിച്ചത്.
ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദവും കൃത്യവുമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അന്വേഷണം സിബിഐക്കു വിട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നില്ല, പകരം അവര്‍ കീഴടങ്ങുകയായിരുന്നു. ആയുധങ്ങള്‍ യഥാസമയം കണ്ടെടുത്തില്ല. യഥാസമയം അറസ്റ്റുണ്ടായില്ല.
ക്രൂരമായ കൊലപാതകത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് തള്ളിക്കളയാനാവില്ല. സത്യസന്ധവും സുതാര്യവുമായ അന്വേഷണവും വിചാരണയും നടക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികള്‍ ഭരണകക്ഷി അംഗങ്ങളും കൊല്ലപ്പെട്ടവര്‍ കോണ്‍ഗ്രസുകാരുമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവിലെ ഈ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണം സിബിഐ തുടരട്ടെയെന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.
ഭരണകക്ഷിയുടെ പൊലീസ് അന്വേഷിച്ചാല്‍ പ്രതികളായ സിപിഎമ്മുകാര്‍ രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണു കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സിബിഐ അനേഷണം ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ ഒമ്പത് മാസവും ഒന്‍പത് ദിവസവും കഴിയുമ്പോഴാണ് വിധി പുറത്തുവന്നത്. 2019 നവംബര്‍ 16ന് വിധി പറയാന്‍ മാറ്റിയതായിരുന്നു.
വിധി വൈകുന്നതിനെത്തുടര്‍ന്ന് ബഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ടി.ആസഫലി ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റിസ് സി ടി രവികുമാറും ഉള്‍പ്പെടുന്ന ബഞ്ച് വിധി പ്രസ്താവിച്ചത്. കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സീനിയര്‍ ഗവ. പ്ലീഡര്‍മാരായ സുമന്‍ ചക്രവര്‍ത്തി, പി.നാരായണന്‍ എന്നിവരും ഹാജരായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.