തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സിബിഐ അന്വേഷണത്തെ ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ബാലുവിന്റെ മരണം വെറുമൊരു വാഹനാപകടമായാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജംങ്ഷനു സമീപത്തുവച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവറായിരുന്ന അർജുനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാലു ഓക്ടോബർ രണ്ടിന് ലോകത്തോട് വിടപറഞ്ഞു.

Read More: ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് തുടക്കം മുതലേ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടിരുന്നു. ബാലുവിന്റെ മരണം സ്വാഭാവികമല്ല, അപകടത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നി​ഗമനം. അർജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയിൽ വാഹനം ഓടിച്ച് മരത്തിൽ ഇടിക്കുമ്പോൾ ഡ്രൈവർ സീറ്റിലിരിക്കുന്ന ഒരാൾക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെ വാഹനം ഓടിച്ചത് അർജുനാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നിരുന്നു.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.