കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വ്യാജരേഖ ചമച്ച് കേരള അഭിഭാഷക ക്ഷേമനിധിയില്‍നിന്ന് പ്രതികള്‍ 7.6 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ക്ഷേമനിധിക്കായുള്ള സ്റ്റാമ്പുകള്‍ വിറ്റതിലാണ് ക്രമക്കേട് നടത്തിയത്. വ്യാജരേഖ ചമച്ച് 10 വര്‍ഷത്തിനിടെ തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സി ബി ഐ എറണാകുളം യുണിറ്റാണ് കേസെടുത്തത്.
ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് എറണാകുളം തിരുവാങ്കുളം സ്വദേശി കെഎ ചന്ദ്രന്, ഭാര്യ ശ്രീകല ചന്ദ്രന്, തമിഴ്നാട് സ്വദേശികളായ ബാബു സഖറിയ, അനന്തരാജ്, മാര്ട്ടിന്, ധനപാലന്, രാജഗോപാല്‍, ജയപ്രഭ, ഫാത്തിമ ഷെറിന് എന്നിങ്ങനെ ഒന്‍പതു പേരാണ് പ്രതികള്‍.
അഭിഭാഷകര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷയും നല്കാന് ലക്ഷ്യമിട്ടുള്ളതാണ് അഭിഭാഷക ക്ഷേമനിധി. ബാര്‍ കൗണ്‍സില്‍ നല്കുന്ന തുകയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും മറ്റേതെങ്കിലും ബാര്‍ അസോസിയേഷനുകള്‍ നല്കുന്ന സംഭാവനകളുമാണ് പ്രധാനമായും ഫണ്ടിലെത്തുന്ന തുക. കൂടാതെ, കേരള കോര്‍ട്ട് ഫീസും ആന്ഡ്് സ്യൂട്ട് വാല്വേഷന് നിയമത്തിന്റെ ഇരുപത്തി രണ്ടാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ സ്റ്റാമ്പുകളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയും ഉള്‍പ്പെടുന്നു.
ബാര്‍ കൗണ്‍സില്‍ നിയമിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷവും ട്രസ്റ്റി കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഏതാനും വര്‍ഷങ്ങളായി ഇത് കൃത്യമായി നടക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഫണ്ട് വിനിയോഗത്തില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് 2017-ല്‍ ആരോപണം ഉയര്‍ന്നു. ഇക്കാര്യം 2019-ല്‍ നടന്ന ട്രസ്റ്റി കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാവുകയും ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടി, വിതരണം എന്നിവയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നടപടിയെടുക്കാനും വിജിലന്‍സ് അന്വേഷണത്തിന് അഭ്യര്‍ത്ഥിക്കാനും തീരുമാനിക്കുകയും ചെയ്തിരുന്നു.
Also Read: ഫോർട്ട്കൊച്ചിയിൽ നിയന്ത്രണം വിട്ട് മണ്ണുമാന്തി കപ്പൽ, ചീനവലകൾക്ക് നാശം; വീഡിയോ
തുടര്‍ന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് അഴിമതി നിരോധന നിയമ പ്രകാരം അന്നത്തെ ട്രസ്റ്റി ഫണ്ട് അക്കൗണ്ടന്റായിരുന്ന ചന്ദ്രനെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. 2007 മുതല്‍ വലിയ തോതിലുള്ള ഫണ്ട് ദുരുപയോഗം നടന്നതായും ഓഡിറ്റിങ് നടന്നിട്ടില്ലെന്നുമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിവിധ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസില്‍ കാര്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് ഹൈക്കോടതിയെ ബോധിപ്പിച്ചത്. അന്വേഷണത്തിനിടയില്‍ രണ്ട് ഓഡിറ്റുകള്‍ നടത്തിയതായി വിജിലന്‍സ് ബോധിപ്പിച്ചു. ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ 6,72,51,250 രൂപയുടെയും കേരള അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റി നിയമിച്ച സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ നടത്തിയ ഓഡിറ്റില്‍ 7,61,24,725 രൂപയുടെയും ക്രമക്കേട് കണ്ടെത്തിയെന്നുമായിരുന്നു വിജിലന്‍സ് പറഞ്ഞത്. പ്രതികളായ അക്കൗണ്ടന്റ് എംകെ ചന്ദ്രന്, ബാബു സ്കറിയ അറസ്റ്റ് ചെയ്തതായും വിജിലന്‍സ് അറിയിച്ചു.
അതേസമയം, ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുടെയോ കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ഭാരവാഹികളുടേയോ ക്രിമിനല്‍ ഗൂഢാലോചനയ്ക്കു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിനായി കേസ് സിബിഐക്കു വിട്ടത്.