മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് ഒത്താശചെയ്യുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ മിന്നല്‍ പരിശോധന.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വര്‍ണ്ണ കള്ള കടത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാപകമായിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണം കടത്തുന്നതെന്ന ആരോപണമുണ്ടായിരുന്നു. തിങ്കളാഴ്ച മാത്രം രണ്ടരക്കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ എത്തിയ മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു സിബിഐയുടെ നീക്കം. ഷാര്‍ജയില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
തിങ്കളാഴ്ച വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപയുടെ 2.451 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. ഡി.ആര്.ഐ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലും എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര് പിടിയിലായിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന് എന്നിവരാണ് അറസ്റ്റിലായത്. 96.5 ലക്ഷം വിലമതിക്കുന്ന 1866 ഗ്രാം സ്വര്‍ണ്ണമാണ് സഫറില്‍ നിന്നും പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.