ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സോളാര്‍ പീഡനക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലായിരുന്നു ചോദ്യം ചെയ്യല്‍.
2012 മേയില്‍ അന്നത്തെ മന്ത്രി എ പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ കെ സി വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണു പരാതി. ടൂറിസം പദ്ധതിക്കു സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയ തന്നെ, അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ കയറിപ്പിടിച്ചെന്നാണു പരാതി.
പരാതിയില്‍ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയത്. തുടര്‍ന്ന്, കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കേസ് സി ബി ഐക്കു കൈമാറുകയുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായിരുന്നു ഈ നീക്കം. എട്ടു മാസം മുന്‍പാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരി ഡിജിറ്റല്‍ തെളിവുകള്‍ സി ബി ഐക്കു കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണു ഇപ്പോള്‍ വേണുഗോപാലിനെ ചോദ്യം ചെയ്തത്. നേരത്തെ മൂന്നു തവണ വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇത്തവണ തിരുവനന്തപുരത്ത് ചോദ്യം ചെയ്യാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടതു ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.
സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണു സി ബി ഐ റജിസ്റ്റര്‍ ചെയ്തത്. സോളാര്‍ പദ്ധതിക്കു സഹായം വാഗ്ദാനം ചെയ്ത് കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പീഡിപ്പിച്ചുവെന്നാണു പരാതി. ഔദ്യോഗിക വസതിയിലും അതിഥി മന്ദിരങ്ങളിലും വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
അതേസമയം, ഹൈബി ഈഡന്‍ എം പിക്കെതിരായ കേസ് സി ബി ഐ എഴുതിത്തള്ളി. അന്വേഷണത്തില്‍ തെളിവില്ലെന്നു കണ്ടെത്തി സി ബി ഐ സംഘം കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പരാതിക്കാരിയുമായി സി ബി ഐ സംഘം എം എല്‍ എ ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരുടെ മൊഴിയുമെടുത്തിരുന്നു. സംഭവം ആരോപിച്ച സമയത്ത് എം എല്‍ എയായിരുന്നു ഹൈബി ഈഡന്‍.