കൊച്ചി: കവിയൂർ കേസിൽ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികളായ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ, ഉണ്ണികൃഷണൻ നമ്പൂതിരി, കേസിലെ ഏക പ്രതി ലതാനായർ എന്നിവർക്ക് നോട്ടീസയച്ചു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാഷ്‌ട്രീയ നേതാക്കളും മക്കളും അടക്കം വിഐപികൾ പീഡിപ്പിച്ചെന്ന ക്രൈം വാരിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഈ വർഷം ജനുവരി ഒന്നിന് സമർപ്പിച്ച നാലാമത്തെ റിപ്പോർട്ടിലും പെൺകുട്ടി പീഡനത്തിനിരയായെന്നും എന്നാൽ രാഷ്ട്രീയ നേതാക്കളും മക്കളും അടക്കമുള്ള വിഐപികളുടെ പങ്ക് കണ്ടെത്താനായില്ലെന്നും സിബിഐ റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ടും തള്ളിക്കൊണ്ടാണ് വിചാരണക്കോടതി തുടരന്വേഷണം നിർദേശിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവാണെന്ന നിഗമനമാണ് സിബിഐ ആദ്യ മൂന്ന് റിപ്പോർട്ടിലും കോടതിയെ അറിയിച്ചത്. എന്നാൽ, ഇതിന് ശാസ്ത്രീയ തെളിവുകൾ എവിടെ എന്നു ചോദിച്ചുകൊണ്ടാണ് റിപോർട്ട് കോടതി നിരസിച്ചത്.

ലതാനായർ പെൺകുട്ടിയെ സിനിമാക്കാർക്കും രാഷ്‌ട്രീയ നേതാക്കൾക്കുമടക്കം പലർക്കും കാഴ്‌ചവച്ചതിന്റെ അപമാനഭാരത്താലാണ് കുടുംബം ആത്മഹത്യ ചെയ്‌തതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് അംഗീകരികരിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹർജിയിൽ സിബിഐ ആവശ്യപ്പെടുന്നത്. ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്താനാവുന്നില്ലെന്നും പിതാവിനെ സംശയമുണ്ടെങ്കിലും സ്ഥിരീകരിക്കാൻ തക്ക തെളിവില്ലെന്നും സിബിഐ ഹർജിയിൽ പറയുന്നു.

2004 സെപ്‌റ്റംബറിലാണ് പെൺകുട്ടിയും പിതാവ് നാരായണൻ നമ്പൂതിരിയും അടങ്ങുന്ന കുടുംബം കൂട്ടആത്മഹത്യ ചെയ്തത്. ലതാ നായരുടെ പ്രേരണയിലാന്ന് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.

പെൺകുട്ടിയുടെ സുഹൃത്ത് ഹൈക്കോടതി ജഡ്‌ജിക്കയച്ച കത്തിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും കോടതി സിബിഐയോട് ആരാഞ്ഞിരുന്നു. നാലാമത്തെ റിപ്പോർട്ടും പഴയ റിപ്പോർട്ടുകളുടെ ആവർത്തനമാണെന്നാണ് മരിച്ച നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അടക്കമുള്ള ഹർജിക്കാരുടെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.