കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തൃപ്തികരമായി മുന്നേറുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, കൊലപാതകത്തില്‍ സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. ഇത് ആരോപണം മാത്രമാണെന്നും അന്വേഷണത്തില്‍ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

അന്വേഷണത്തില്‍ വീഴ്ചയില്ല. സ്ഥലം എംഎല്‍എ ഒരു പ്രതിയെ രക്ഷപ്പെടുത്തി എന്നതിന് അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. ഒന്നാം പ്രതിയും പാര്‍ട്ടിക്കാരനുമായ പീതാംബരനെ കൊല്ലപ്പെട്ടവര്‍ നേരത്തെ മര്‍ദിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നു പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വന്നപ്പോള്‍ പീതാംബരന്‍ സ്വന്തമായി കൊലപാതകം നടപ്പിലാക്കിയതാണ്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിലെ 11 പ്രതികളില്‍ ഒരാളെ ഒഴികെ മറ്റെല്ലാവരെയും പിടികൂടിയതായും ഇവര്‍ റിമാന്‍ഡിലാണെന്നും ഡി.വൈ.എസ്.പി കോടതിയെ അറിയിച്ചു.

അതേസമയം, കോടതി ആവശ്യപ്പെട്ടാല്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയുടെ നിലപാട് തേടിയിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ സിപിഐ(എം) പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരുടേയും മാതാപിതാക്കളാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.