കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് പിടിയിലുള്ള നടൻ ദിലീപിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി. കലാഭവൻ മണിയുടെ മരണത്തിന് പുറകിലും ദിലീപിന് പങ്കുണ്ടെന്നാണ് മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണനും ബന്ധുക്കളും ആരോപിച്ചത്.
“ഇരുവരും തമ്മിൽ ഭൂമിയിടപാടുകൾ ഉണ്ടായിരുന്നു. ദിലീപിനെ കുറിച്ച് സംശയം ഉണ്ടെന്ന് നേരത്തേ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ ഈ ആരോപണം സിബിഐ യേയും അറിയിച്ചിരുന്നു”, രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ പിടികൂടിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ദിലീപിനെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഈ കേസ് കത്തിനിൽക്കുന്നതിനിടയിലാണ് സിനിമ മേഖലയിൽ തന്നെയുള്ള മറ്റൊരാളുടെ മരണത്തിലും ദിലീപിന് പങ്കുള്ളതായി ആരോപണം ഉയരുന്നത്.
കലാഭവൻ മണിയുടെ മരണം അസ്വാഭാവികമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആർഎൽവി രാമകൃഷ്ണൻ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമായാണ് കേസന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവായത്.
സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത്. “കോഴിക്കോടുള്ള ഒരു സ്ത്രീ തന്നോട് ഇക്കാര്യം ഫോണിൽ ബന്ധപ്പെട്ട് പറഞ്ഞു. ഇത് സംബന്ധിച്ച് തെളിവുകളുണ്ടെന്നും അവർ തന്നോട് പറഞ്ഞു. അവർ കൂടുതൽ തെളിവുകൾ നൽകാൻ തയ്യാറാണ്”, ബൈജു കൊട്ടാരക്കര മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈമിൽ പറഞ്ഞു.
ഇതേ തുടർന്ന് ബൈജു കൊട്ടാരക്കരയെ സിബിഐ ഓഫീസിലേക്ക് വിളിച്ച് തെളിവെടുത്തു. ഇത് സംബന്ധിച്ച തെളിവുകൾ ബൈജു കൊട്ടാരക്കര അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം.