തിരുവനന്തപുരം: ലെെഫ് മിഷനിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ലെെഫ് മിഷൻ സിഇഒയെ സിബിഐ ചാേദ്യം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സിബിഐ അവരുടെ പണി ചെയ്യട്ടെ മറ്റ് അഭിപ്രായമൊന്നും തനിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണത്തിൽ നേരത്തെ ഉണ്ടായിരുന്ന നിലപാട് തന്നെയാണ് ഇപ്പോഴും എന്ന് അദ്ദേഹം വ്യക്തമാക്കി.

സിബിഐ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസിനു നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരമൊരു നീക്കം നടത്തിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനെതിരെ ചില കോൺഗ്രസ് സർക്കാരുകൾ ഓർഡിനൻസ് കൊണ്ടുവന്നതുപോലെ തങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

Read Also: സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും‌

ലാവലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സിബിഐയും കോടതിയും അവരുടെ ജോലി ചെയ്യട്ടെ എന്നുമാത്രമാണ് പിണറായി മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കാനോ ആലോചിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. പ്രതിപക്ഷ സമരങ്ങൾ ജനാധിപത്യപരമായി ആവശ്യമുള്ളതാണ്. അത്തരം സമരങ്ങൾ വേണ്ട എന്ന് സർക്കാരിനു നിലപാടില്ല. എന്നാൽ, കോവിഡ് പ്രോട്ടോകോൾ പാലിച്ചും രോഗവ്യാപനത്തിനു ഇടനൽകാതെയും ആയിരിക്കണം സമരങ്ങളെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.