ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ വീണ്ടും. ഇക്കാര്യം സിബിഐ കേരള സർക്കാരിനെ അറിയിച്ചു. ഏറ്റെടുക്കാനുള്ള പ്രാധാന്യമില്ലെന്നും കേസുകള്‍ ഒരുപാട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസ് സിബിഐക്കുവിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ കേസ് സിബിഐക്കു വിടാൻ തീരുമാനിച്ചതെന്ന് വ്യാഴാഴ്ച ജസ്റ്റീസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ കോടതിയിൽ വിശദീകരണം നൽകിയത്.
നേരത്ത് ഇത് സംബന്ധിച്ച് സിബിഐയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “സംസ്ഥാനം കേസ് അന്വേഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാല് മാസം കഴിഞ്ഞു. അന്വേഷിക്കാൻ സാധിക്കില്ലെന്ന് പറയാനാണോ ഇത്ര നാളും കാത്തിരുന്നത്. ഇത്തരം നിലപാടുകളോട് കോടതിക്ക് യോജിക്കാനാവില്ല. മേലിൽ ഇത്തരം നിലപാടുകൾ ആവർത്തിച്ചാൽ കോടതി ഇടപെടും”, സുപ്രീം കോടതി സിബിഐക്ക് മുന്നറിയിപ്പ് നൽകി.
അന്തർ സംസ്ഥാന കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ സാധിക്കില്ലെന്ന് നിലപാടെടുത്തത്. കേസ് കേരള പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് സുപ്രീം കോടതി രൂക്ഷമായ പ്രതികരണം നടത്തിയത്.
കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി സിബിഐയുടെ നിലപാട് തേടിയത്.
നേരത്തേ സംസ്ഥാന സർക്കാർ അന്വേഷണ വിജ്ഞാപനം കൈമാറിയില്ലെന്നാണ് സിബിഐ നിലപാടെടുത്തത്. എന്നാൽ ജൂൺ 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യം സിബിഐ അഭിഭാഷകനെ രേഖാമൂലം അറിയിച്ചതായും അദ്ദേഹം വാദിച്ചു.