കൊച്ചി: ബിഷപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളാകുന്ന പീഡനകേസുകള്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കുമ്പോള്‍ ജോലി സ്ഥലങ്ങളിലെയും കുട്ടികള്‍ക്കു നേരെയുമുള്ള പീഡന കേസുകളില്‍ വത്തിക്കാന്‍ നിർദ്ദേശ പ്രകാരം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയിലെമ്പാടുമുള്ള ഓരോ കോണ്‍ഗ്രിഗേഷനിലെയും തലവന്‍മാര്‍ക്ക് മാര്‍ഗ നിർദ്ദേശങ്ങളടങ്ങിയ ഗൈഡ് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ഗൈഡില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നതില്‍ വൈദികരും ബിഷപുമാര്‍ ഉള്‍പ്പടെയുള്ളവരും പരാജയപ്പെടുന്നതാണ് കേരളത്തിലെ സഭയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പീഡനങ്ങളെന്നാണ് സിബിസിഐ വിലയിരുത്തല്‍.

കുട്ടികള്‍ക്ക് നേരെയുളള പീഡന വിഷയങ്ങളില്‍ വൈദികരും ബിഷപ്പുമാരും ഉള്‍പ്പടെയുള്ളവര്‍ മുന്‍കരുതലെടുക്കണമെന്നു ചൂണ്ടിക്കാട്ടി സിബിസിഐ നിർദ്ദേശപ്രകാരം ഓരോ കോണ്‍ഗ്രിഗേഷനുകളുടെയും തലവന്‍മാര്‍ വൈദികരില്‍ നിന്ന് രേഖ ഒപ്പിട്ടുവാങ്ങിയിരുന്നു. ‘വിദേശരാജ്യങ്ങളില്‍ കുട്ടികളെ വൈദികര്‍ തൊടുന്നതുപോലും ഗുരുതരമായ കുറ്റമായാണ് മാതാപിതാക്കളും സഭയും പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുമായി ഇടപെടുമ്പോള്‍ കരുതല്‍ വേണമെന്നും കേസുകളില്‍ പെടുന്നവര്‍ക്കു കര്‍ശന ശിക്ഷയുണ്ടാകുമെന്നും വത്തിക്കാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സിബിസിഐ നിർദ്ദേശ പ്രകാരം വൈദികര്‍ക്കും ബിഷപുമാര്‍ക്കുമായി കോണ്‍ഫിഡന്‍ഷ്യല്‍ രേഖ തയാറാക്കിയത്. ഈ രേഖ പൊതുജനങ്ങള്‍ക്കു ലഭിച്ചാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് രഹസ്യ രേഖയായി നല്‍കിയിട്ടുള്ളത്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്റെ തലവനും ഇത്തരമൊരു രേഖയില്‍ വൈദികരില്‍ നിന്നു സമ്മതപത്രം ഒപ്പിട്ടുവാങ്ങിയിരുന്നു,’ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി വൈദികന്‍ പറയുന്നു. കുട്ടികള്‍ക്കു നേരേയുള്ള പീഡനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ടു സിബിസിഐ പുറത്തിറക്കിയ രേഖ കണ്ടിട്ടുണ്ടെന്നു സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടില്‍ പറഞ്ഞു.

തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ചു സിബിസിഐ പുറത്തിറക്കിയ മാര്‍ഗരേഖ

ഇതിനിടെ കഴിഞ്ഞ സെപ്റ്റംബറില്‍ സഭയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടു സിബിസിഐ പ്രത്യേക മാര്‍ഗ നിർദ്ദേശങ്ങങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരേയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും സ്ത്രീകള്‍ക്കു സുരക്ഷിതവും സൗഹാർദ്ദപൂര്‍വകവുമായ തൊഴില്‍ സൗകര്യം ഉറപ്പാക്കാന്‍ മേലധികാരികള്‍ ശ്രദ്ധചെലുത്തണമെന്നും മാര്‍ഗനിർദ്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമ കേസുകളില്‍ സിബിസിഐ കൃത്യമായ മാര്‍ഗനിർദ്ദേശങ്ങള്‍ മുന്‍പുതന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൃത്യമായി നടപ്പാക്കുന്നതിനു പകരം പീഡനത്തിനു നേതൃത്വം നല്‍കുന്ന വൈദികരെയും ബിഷപ്പുമാരെയും വെള്ളപൂശാനും ഇരയാകുന്ന കന്യാസ്ത്രീകളെയും കുട്ടികളെയും ദുര്‍നടപ്പുകാരായി ചിത്രീകരിക്കാനുമാണ് സഭാ നേതൃത്വം ശ്രമിക്കുന്നത്. ഏതു തെറ്റിനെയും വെള്ളപൂശാന്‍ ശ്രമിക്കുന്ന ബിഷപ്പുമാരും സഭാ നേതൃത്വവും ഉള്ളിടത്തോളം കാലം ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, സീറോ മലബാര്‍ സഭയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ