കണ്ണൂർ: കണ്ണൂരിൽ പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് മാംസം വിതരണം ചെയ്ത കേസിൽ നടപടി. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. യുവമോർച്ച ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ സിറ്റി പൊലീസ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.
കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തത്. വളര്‍ത്തുമൃഗങ്ങളോടുള്ള ക്രൂരത തടയല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരുവര്‍ഷം വരെ തടവും അയ്യായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ശനിയാഴ്ച വൈകിട്ടാണ് കേന്ദ്ര വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റിയിൽ യൂത്ത് കോൺഗ്രസ് കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തത്. സംഭവത്തിൽ മുതിർന്ന കേൺഗ്രസ് നേതാക്കളടക്കമുളളവർ യൂത്ത് കോൺഗ്രസിനെ വിമർശിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍ എന്നിവരുള്‍പ്പെടെ നാല് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.