കൊച്ചി: വിവാദങ്ങൾ വിട്ടൊഴിയാതെ യാക്കോബായ സഭ. പുതുതായി യാക്കോബായ സഭയില്‍ സഭാ തലവനായ കാതോലിക്കാ ബാവയുടെ പേരില്‍ രാജിവിവാദം. കാതോലിക്കാ ബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ രാജിവെച്ചുവെന്നും ഇല്ലെന്നുമുളള വിവാദമാണ് ഇപ്പോൾ സഭയ്ക്കുളളിൽ ഉടലെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് രണ്ട് കത്തുകളാണ് വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. രാജിവെച്ചുവെന്നുളള കത്തും തുടരാൻ തയ്യാറാണെന്നുളള കത്തുമാണ് പ്രചരിപ്പിക്കപ്പെടുന്നത്.
കഴിഞ്ഞദിവസമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ മാര്‍ അപ്രേം കരീം രണ്ടാമന് പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശന വേളയില്‍ തന്നെ താന്‍ നേരിട്ടു രാജിക്കത്ത് നല്‍കിയിട്ടുള്ളതാണെന്ന പേരില്‍ കാതോലിക്കാ ബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ മെത്രാപ്പോലീത്തമാര്‍ക്ക് കത്തയച്ചതായി പ്രചരിച്ചത്.
എന്നാല്‍ കാതോലിക്കാ ബാവയുടെതായി പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്ക് മേയ് 24 ന് അയച്ച കത്തില്‍ പറയുന്നതാകട്ടെ കഴിഞ്ഞ രണ്ടു വര്‍ഷമായി താന്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും എന്നാല്‍ ഇപ്പോഴത്തെ സഭയുടെ സാഹചര്യത്തില്‍ സഭാ സമിതികള്‍ അനുവദിച്ചാല്‍ പദവിയില്‍ തുടരാന്‍ തയാറാണെന്നുമാണ്. എന്നാണ് പ്രചരിക്കുന്ന മറ്റൊരു കത്തിൽ പറയുന്നത്.
ഓര്‍ത്തഡോക്സ് വിഭാഗം കോടതിവിധിക്കു ശേഷം പള്ളികള്‍ പിടിച്ചെടുക്കാനും യാക്കോബായ വിഭാഗത്തെ ഇല്ലാതാക്കാനും ശ്രമിക്കുകയാണെന്നും ഇതിനു തടയിടാന്‍ വാര്‍ധക്യത്തിന്റെ അവശതയിലാണെങ്കിലും താന്‍ മുന്പിലുണ്ടാകുമെന്നും മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കയച്ചതായി പ്രചരിക്കുന്ന കത്തില്‍ പറയുന്നു. കാതോലിക്കാ ബാവയുടെ രാജി വിഷയത്തെക്കുറിച്ച് ഇതുവരെ സഭാ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
കാതോലിക്കാ ബാവ രാജിവച്ചെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും സഭാ തലവനായ പാര്‍ത്രിയാര്‍ക്കീസ് ബാവ കാതോലിക്കാ ബാവയുടെ പേരില്‍ നടപടിയെടുക്കാതിരിക്കാനും വേണ്ടിയുള്ള നാടകമായി മാത്രമേ കാണാനാവുകയുള്ളുവെന്ന് ക്വസ്റ്റ് ഫോര്‍ പീസ് മലങ്കര സഭാ സമാധാന സമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ ആരോപിക്കുന്നു.
പാര്ത്രിയാര്ക്കീസാ ബാവ കഴിഞ്ഞ മാസം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പുത്തന്‍കുരിശിലെ യാക്കോബായ സഭാ ആസ്ഥാനത്ത് പാര്‍ത്രിയാര്‍ക്കീസിന്റെ അധ്യക്ഷതയില്‍ കൂടിയ എപ്പിസ്കോപ്പല്‍ സൂനഹദോസ് നടപടികളും തീരുമാനങ്ങളും നടപ്പിലാക്കാതിരിക്കാനും കാലാവധി കഴിഞ്ഞ സമിതികളും സഭാ ഭാരവാഹികളും ഒഴിയാതിരിക്കാനുമായി നടത്തുന്ന നാടകങ്ങള്‍ മാത്രമായേ ഇതിനെ കാണാനാവൂ, ഫാദര്‍ കല്ലാപ്പാറ പറയുന്നു. പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു കാതോലിക്കാ ബാവ രാജിക്കത്ത് നല്‍കിയതായി പറയുന്ന കത്തയച്ചിട്ടുള്ളത് മേയ് 24 നാണ്. ഇതേ മേയ് 24-ന് പാര്‍ത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശനത്തിനായി കേരളത്തിലുണ്ടായിരുന്നു എന്നതും വിസ്മരിക്കരുത്, ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു.
യാക്കോബായ സഭാ തലവനായ കാതോലിക്കാ ബാവ പല തവണ രാജി വച്ചതായായി കത്തുകള്‍ പുറത്തിറക്കിയിട്ടുള്ളതാണെന്നും ഇപ്പോഴത്തെ രാജിക്കത്തും ഇത്തരത്തിലുള്ളതു മാത്രമാണെന്നും യാക്കോബായ അല്മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് ആരോപിക്കുന്നു. നിലവിലുള്ള സമിതികള്‍ മാറണമെന്നും സഭയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശം അട്ടിമറിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്, പോള്‍ വര്‍ഗീസ് ആരോപിക്കുന്നു.
ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് യാക്കോബായാ സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.