തൃശൂർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കത്തോലിക്കാസഭ കലണ്ടറിൽ നൽകിയതിനെ ന്യായീകരിച്ച് തൃശൂർ അതിരൂപത. 2021 വർഷത്തെ വിശേഷ ദിവസങ്ങൾ ഉൾക്കൊള്ളിച്ച് തൃശൂർ അതിരൂപത പുറത്തിറക്കിയ കത്തോലിക്കാസഭ കലണ്ടറിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം നൽകിയിരിക്കുന്നത്. ഇതിനെതിരെ സഭയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
ഫ്രാങ്കോ മുളയ്ക്കൽ കുറ്റാരോപിതൻ മാത്രമാണെന്നും അദ്ദേഹം ഇപ്പോഴും ബിഷപ് സ്ഥാനത്തുള്ള ആളാണെന്നും കത്തോലിക്കാസഭ മാനേജിങ് എഡിറ്റർ ഫാ.റാഫേൽ ആക്കാമറ്റത്തിൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“സാധാരണ രീതിയിൽ നൽകുന്നതുപോലെ അദ്ദേഹത്തിന്റെ ജന്മദിനം കലണ്ടറിൽ നൽകിയിരിക്കുന്നു. അതിനെന്തിനാണ് ഇങ്ങനെ പ്രതിഷേധമെന്ന് അറിയില്ല. അദ്ദേഹം കുറ്റാരോപിതൻ മാത്രമല്ലേ, ഇപ്പോഴും ബിഷപ് തന്നെയാണ്. എല്ലാ ബിഷപ്പുമാരുടെയും ജന്മദിനം നൽകുന്നതുപോലെ ഫ്രാങ്കോ മുളയ്ക്കലിന്റെയും നൽകി. ഇപ്പോഴും ബിഷപ് തന്നെയാണ് അദ്ദേഹം, രൂപതയുടെ ഭരണനിർവഹണ ചുമതലയിൽ നിന്ന് മാത്രം മാറ്റിനിർത്തിയിട്ടേയുള്ളൂ. അദ്ദേഹത്തിനെതിരെ ചില ആരോപണങ്ങളുണ്ട്. കേസിൽ വിചാരണ നടക്കുന്നു, വിധി വരട്ടെ. അത്ര വലിയ കഴമ്പുള്ള കാര്യമല്ല ഇത്. സഭയ്ക്കെതിരെ ആരോപണം ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ ഇതൊക്കെ വിവാദമാക്കും. അദ്ദേഹത്തിന്റെ ജന്മദിനം കലണ്ടറിൽ സൂചിപ്പിച്ചിരിക്കുന്നു, അത്രയേയുള്ളൂ. കുറ്റം ആരോപിക്കപ്പെട്ടാലും അദ്ദേഹം ഒരു മനുഷ്യനല്ലേ,” റാഫേൽ ആക്കാമറ്റത്തിൽ പറഞ്ഞു.
Read Also: കേരളം പിടിക്കാൻ ബിജെപി; ലക്ഷ്യം ക്രൈസ്തവ വോട്ടുകൾ, അണിയറയിൽ പദ്ധതികളൊരുക്കി നേതൃത്വം
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ. ഒടുവില്‍ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ബലാത്സംഗ കേസിൽ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുന്നതാണ് വിശ്വാസികളിൽ അമർഷം ഉണ്ടാക്കിയിരിക്കുന്നത്.
ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തുന്നതിനാണ് കലണ്ടറിൽ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തൃശൂർ രൂപത കലണ്ടറിൽ ഫ്രാങ്കോയുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മാർച്ച് 25 നാണ് ഫ്രാങ്കോയുടെ ജന്മദിനം.
‘കന്യാസ്ത്രീ പീഡകന് എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 2018-ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ അവര്‍ ഉള്‍പ്പെടുത്തി. ഇതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഭാ നേതൃത്വം കാണിച്ചാല്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇതു കണക്കാക്കണം.’ കേരള കത്തോലിക്കാ വിമോചന സമിതി പറഞ്ഞു.