മലയാളി മല്യമാരെ കൊണ്ട് വായ്പ തിരിച്ചടപ്പിക്കാൻ സമരവുമായി കാത്തലിക് സിറിയൻ ബാങ്ക്

50 ലക്ഷത്തിന് മുകളിൽ വായ്പയെടുത്ത് തിരിച്ചടക്കാതെ നടക്കുന്നവരാണ് ഇവരെല്ലാം. ഏതാണ്ട് 20 കോടിയോളം രൂപ മുതൽ ഇനത്തിൽ മാത്രം ബാങ്കിന് ഇവരിൽ നിന്ന് ലഭിക്കാനുണ്ട്.

കൊച്ചി: വായ്പ തിരിച്ചടക്കാത്ത സാധാരണക്കാരെ മാത്രമല്ലേ ഇവരൊക്കെ പീഡിപ്പിക്കുന്നുള്ളൂ എന്ന ചിന്തയ്‌ക്ക് ഇനി സാധ്യതയില്ല. വൻ തുകകൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മലയാളി മല്യമാരെ കൊണ്ട് വായ്പ തിരിച്ചടപ്പിക്കാനുള്ള ശ്രമത്തിലാണ് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ. ദീർഘകാലമായി നഷ്ടത്തിലോടുന്ന സ്ഥാപനത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള കൂട്ടായ പരിശ്രമമാണിത്.  ഇതുവരെ ജീവനക്കാരെ കുറിച്ച് പറഞ്ഞിരുന്ന പരാതിക്കും കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ തിരുത്തിയെഴുതുകയാണ്. സ്ഥാപനത്തിന്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള സമരത്തിനാണ് ജീവനക്കാർ രംഗത്തിറങ്ങുന്നത്. ഇതുവരെ തങ്ങളുടെ ആവശ്യങ്ങൾക്കു മാത്രമായി സമരം ചെയ്യുന്നവർ എന്ന് പഴി കേട്ടിരുന്നവർ തങ്ങളുടെ ഉപഭോക്താക്കളായ നിക്ഷേപകർക്കു വേണ്ടി കൂടി സമരത്തിനിറങ്ങുകയാണ്. ഒരുപക്ഷേ, പുതിയൊരു സമര ചരിത്രമെഴുതുകയാകും കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ.

ഫെബ്രുവരി ഒമ്പതിന് രാവിലെ മുതൽ വായ്പ മനപ്പൂർവ്വം തിരിച്ചടക്കാത്ത 22 വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളുടെ വീടിന് മുൻപിൽ ജീവനക്കാരും റിട്ടയർ ചെയ്തവരും വായ്‌മൂടിക്കെട്ടി നിൽക്കും. എറണാകുളം സോണിൽ ആറ്, കോഴിക്കോട് നാല്, തൃശ്ശൂരിൽ എട്ട്, കോട്ടയത്ത് ഒന്ന്, തിരുവനന്തപുരം രണ്ട്  സ്ഥാപനങ്ങളുടെയും മുന്നിലാണ് ധർണ്ണ. ഇവ ഏതൊക്കെയെന്ന് സമരം നടക്കുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ.

വ്യാഴാഴ്ച രാവിലെ 9.30 മുതൽ 10.30 വരെയാണ് ധർണ നടത്തുക.  റിട്ടയർ ചെയ്‌ത ജീവനക്കാരും നിലവിലെ ജീവനക്കാരും വായ മൂടിക്കെട്ടി പ്ലക്കാർഡുകളുമായി ഓഫീസുകൾക്ക് മുന്നിൽ നിൽക്കും. യാതൊരു മുദ്രാവാക്യവും മുഴക്കില്ല. വൻതുകകൾ വായ്പയെടുത്ത് തിരിച്ചടക്കാതെ ഇരിക്കുകയാണെന്ന കാര്യം ജനങ്ങൾ അറിയുമ്പോൾ എല്ലാവരും വായ്പ തിരിച്ചടക്കുമെന്നാണ് ജീവനക്കാരുടെ വിശ്വാസം.

ആയുസ്സ് കൊണ്ട് പടുത്തുയർത്തുന്ന വീട്ടിൽ നിന്നും ദിവസത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരെ ഇറക്കിവിടുന്ന സ്ഥിരം ബാങ്ക് കാഴ്ചയല്ല ഇത്. കുടിശിക പണം തിരിച്ചടക്കാൻ പറഞ്ഞിട്ടും ചെയ്യാതെ, ജപ്തി നടപടിയെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി പ്രതിരോധിക്കുന്ന കേരളത്തിലെ 30 വലിയ  സ്ഥാപനങ്ങളെയാണ് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ കണ്ടെത്തിയത്.

50 ലക്ഷത്തിന് മുകളിൽ വായ്പയെടുത്ത് തിരിച്ചടക്കാതെ നടക്കുന്നവരാണ് ഇവരെല്ലാം. ഏതാണ്ട് 20 കോടിയോളം രൂപ മുതൽ ഇനത്തിൽ മാത്രം ബാങ്കിന് ഇവരിൽ നിന്ന് ലഭിക്കാനുണ്ട്. ബാങ്കിൽ പണം നിക്ഷേപിച്ചവരോട് ഉള്ള ബാധ്യത നിറവേറ്റുന്നതിനും സ്വന്തം ജോലി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ പ്രതിഷേധത്തിന് ഒരുങ്ങിയതെന്ന് കാത്തലിക് സിറിയൻ ബാങ്ക് ഓഫീസേഴ്‌സ്  അസോസിയേഷൻ ജനറൽ സെക്രട്ടറി മെയ്മോൾ മാത്യു പറഞ്ഞു.

“ബാങ്കിന്റെ നിലനിൽപ്പ് വായ്പ കൃത്യമായി തിരിച്ചടക്കുന്നവരിലാണ്. കേരളത്തിലെ ഒന്നാം നിര ധനകാര്യ സ്ഥാപനമായിരുന്ന ബാങ്കിനെ തളർത്തുന്ന വിധത്തിലാണ് വൻതുകകൾ വായ്പയെടുത്ത പലരുടെയും ശ്രമം. നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും വായ്പ അടക്കാൻ വിമുഖത കാട്ടുമ്പോൾ അത്, ബാങ്കിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അത്തരത്തിലൊരു സ്ഥിതിയിലേക്ക് ബാങ്കിനെ എത്തിച്ചാൽ അത് നിക്ഷേപകരോട് ചെയ്യുന്ന വലിയ ചതിയാണ്. ഇതിനെതിരായാണ് ഈ ഓർമ്മപ്പെടുത്തൽ”.

വായ്പ കുടിശിക തിരിച്ചുപിടിക്കുന്നതിന് ജീവനക്കാർ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചപ്പോൾ മാനേജ്മെന്റ് പൂർണ്ണപിന്തുണയുമായി ഒപ്പം നിൽക്കുകയായിരുന്നു. ഓഫീസിലെ പ്യൂൺ തസ്തികയിലുള്ള ജീവനക്കാർ മുതൽ മാനേജിംഗ് ഡയറക്ടർ വരെയുള്ള എല്ലാവരും സമരത്തിൽ ഭാഗമാകുന്നുണ്ട്.

“ഇത് ഒറ്റത്തവണ കൊണ്ട് തീരുമാനകുമെന്ന തോന്നൽ ഞങ്ങൾക്കില്ല. പക്ഷെ, നിരന്തരം ഒരു മണിക്കൂർ നേരം ഈ ഓഫീസുകൾക്ക് മുന്നിൽ ഞങ്ങൾ നിൽക്കുമ്പോൾ പണം തിരിച്ചടയ്ക്കാൻ അവർ നിർബന്ധിതരാകും. ഇവരെല്ലാവരും വായ്പ തിരിച്ചടക്കാൻ തയ്യാറാകുന്നത് വരെ ഇത് തുടരും. എന്നിട്ടും തയ്യാറാകത്തവരുടെ മുന്നിൽ ജീവനക്കാർ കുടുംബത്തോടെ വന്ന് വായ മൂടിക്കെട്ടി നിൽക്കും. മറ്റു വഴികൾ ഇല്ലാതെ വന്നതോടെയാണ് ഈ സമരവുമായി മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചത്”- ബാങ്കിന്റെ എറണാകുളം സോണിലെ എ.ജി.എം അനിത പി.ഇമ്മാനുവൽ പറഞ്ഞു.

വൻകിടക്കാർക്ക് വായ്പ ഇളവുകൾ നൽകിയും എഴുതിതള്ളിയും  സംരക്ഷിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ്  കാത്തലിക് സിറിയൻ ബാങ്ക് ഏറ്റെടുത്തിരിക്കുന്ന രീതി. ഇതിനോടകം പത്ത് സ്ഥാപനങ്ങൾ സമരത്തെ കുറിച്ച് അറിഞ്ഞ് വായ്പ തിരിച്ചടക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ശേഷിച്ച സ്ഥാപനങ്ങളുടെ മുന്നിൽ നാളെ ധർണ്ണ നടത്തുമ്പോൾ അക്രമ സംഭവങ്ങൾ ഉണ്ടാകുമോ എന്ന ഭയം ജീവനക്കാർക്കുണ്ട്. എങ്കിലും വായ്പ തുക തിരിച്ചുപിടിക്കാൻ സമാധാന സമരം നടത്തുമെന്ന് തന്നെ അവർ ഉറപ്പിച്ച് പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Catholic syrin bank employees effort to collect back loan amount from customers

Next Story
നിയമസഭാ സമ്മേളനം ഫെബ്രുവരി 23ന്; ബജറ്റ് മാര്‍ച്ച് മൂന്നിന്kerala legislative assembly
The moderation of comments is automated and not cleared manually by malayalam.indianexpress.com
X