scorecardresearch
Latest News

ലൗ ജിഹാദ് ആരോപണം തള്ളി കത്തോലിക്കാ സഭയുടെ കീഴിലുള്ള വാരിക

കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ് ‘എന്ന ഇംഗ്ലീഷ് വാരികയാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്ന വാദം ഉയർത്തിയത്

ലൗ ജിഹാദ് ആരോപണം തള്ളി കത്തോലിക്കാ സഭയുടെ കീഴിലുള്ള വാരിക

കൊച്ചി: കേരളത്തില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മതം മാറ്റുന്ന സംഭവങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കേരള കാത്തലിക് ബിഷപ് കൗൺസിലും (കെസിബിസിയും) ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനും രംഗത്തെത്തുമ്പോള്‍, ലൗ ജിഹാദ് എന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാരിക. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ് ‘എന്ന ഇംഗ്ലീഷ് വാരികയാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്ന വാദം ഉയർത്തിയത്.

മാധ്യമ പ്രവര്‍ത്തകനായ എ.ജെ.ഫിലിപ്പ്, ജോര്‍ജ് കുര്യനെഴുതിയ തുറന്ന കത്തായ ‘ലൗ നോട്ട് ജിഹാദ്, സാര്‍’ എന്ന ലേഖനത്തില്‍ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ ജോര്‍ജ് കുര്യന്‍ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ രംഗത്തെത്താന്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എന്‍ഐഎ 12 കേസുകള്‍ അന്വേഷിച്ചതാണ്. ഇതിലൊന്നും ലൗ ജിഹാദിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നതാണ് വസ്തുത. ലൗ ജിഹാദ് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വാക്കാണ്. മുസ്‌ലിം സമൂഹത്തിനെതിരായി ഇത് ഉപയോഗിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ പ്രണയവിവാഹം കഴിച്ചിട്ടുള്ളവരാണെന്നും എ.ജെ.ഫിലിപ്പ് കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേരളത്തില്‍ പ്രണയ വിവാഹങ്ങളുടെ പേരില്‍ നടക്കുന്ന മതം മാറ്റങ്ങള്‍ക്കു പിന്നില്‍ ഗൂഢശക്തികളുടെ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി കെസിബിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐക്യ ജാഗ്രതാ കമ്മീഷന്‍ രംഗത്തുവന്നു. കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിലെ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും മതംമാറ്റത്തിനു നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടും, ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു സിഎസ്ടിയും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രണയം നടിച്ച് ഇതരസമുദായങ്ങളിലെ പെണ്‍കുട്ടികളെ മതംമാറ്റുന്നതിനു പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്ന ഗൂഢ സംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം സംഘങ്ങളുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ മൂടിവയ്ക്കുന്നത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുമെന്നും കെസിബിസി വക്താക്കള്‍ വ്യക്തമാക്കി. പല മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ പ്രണയം ഉണ്ടാകുന്നതു സ്വാഭാവികമാണെന്നും എന്നാല്‍ ഒരു പ്രത്യേക മതത്തിലേക്കു മാത്രം നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നതും രാജ്യത്തു നിന്നു തന്നെ പെണ്‍കുട്ടികളെ കടത്തുന്നതിനും പിന്നില്‍ ഗൂഢ സംഘങ്ങള്‍ക്കു പങ്കുണ്ടോയെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി അന്വേഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. മുന്‍പ് മറ്റു മതങ്ങളിലേക്കു മാറുന്നവരുടെ കണക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഇതു നല്‍കുന്നില്ലെന്നും സഭാധികൃതര്‍ പറഞ്ഞു.

കെസിബിസിയുടെ ഐക്യജാഗ്രതാ കമ്മീഷന്‍ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2005-2012 കാലയളവില്‍ 4000 പേര്‍ മതംമാറ്റത്തിനു വിധേയമായിട്ടുണ്ടെന്നും 2006-2009 കാലയളവില്‍ മാത്രം 2600 ക്രിസ്ത്യന്‍ യുവതികള്‍ ഇസ്‌ലാമിലേക്കു മാറിയിട്ടുണ്ടെന്നും പറയുന്നു. അതേസമയം, ക്രിസ്ത്യന്‍ യുവതികളെ പ്രണയംനടിച്ചു മതം മാറ്റുന്ന സംഭവങ്ങള്‍ക്കു തടയിടാന്‍ ഇടവക തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളുമായി രംഗത്തിറങ്ങാനാണ് കത്തോലിക്കാ സഭയുടെ തീരുമാനമെന്നാണ് വിവരം.

ഇതര മതസ്ഥരെ പ്രണയം നടിച്ചും സമര്‍ദങ്ങളിലൂടെയും ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്ന സംഭവങ്ങള്‍ക്കു പിന്നില്‍ സംഘടിതശക്തികളുടെ താല്‍പര്യങ്ങള്‍ ഉണ്ടോയെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉദാസീന സമീപനം വെടിഞ്ഞ് ഉന്നതതല അന്വേഷണത്തിനു ഉടന്‍ തയ്യാറാകണം. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്യവും പൗരാവകാശങ്ങളും ദുര്‍വിനിയോഗം ചെയ്തു കൊണ്ടു നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്ക ഉളവാക്കുന്നു. മതേതരത്വം നിലനിര്‍ത്താനും ക്രിമിനല്‍ ഭാവമുള്ള മതതീവ്രവാദത്തിനു അറുതി വരുത്തുവാനും ശക്തമായ നീക്കമുണ്ടാകണം. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്നരീതിയില്‍ ആശങ്കയുണ്ടെന്നും സമിതി വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രണയത്തിന്റെ പേരില്‍ മതംമാറ്റ ചൂഷണത്തിനു വിധേയരായ പെണ്‍കുട്ടികളുടെ ലിസ്റ്റ് എടുക്കുമെന്നും ഇത്തരം സംഘടിത നീക്കങ്ങള്‍ക്കെതിരേ വ്യക്തമായ ബോധവത്കരണം നടത്തുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയനിലവും, ഫാ. ജിയോ കടവിയും അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Catholic sabha magazine denied lovee jihad